തിരുവനന്തപുരം: കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. ഇന്നലെ രാവിലെ എട്ടര മുതൽ വൈകുന്നേരം നാലുവരെ നെയ്യാറ്റിൻകരയിൽ മൂന്നും നഗരത്തിൽ രണ്ടും വെള്ളായണിയിൽ ഒന്നും സെന്റീമീറ്റർ മഴ പെയ്തു.
ഞായറാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ വരെ നെടുമങ്ങാട് അഞ്ചും നെയ്യാറ്റിൻകര, വർക്കല നാലു വീതവും നഗരത്തിൽ മൂന്നും സെന്റീമീറ്റർ വീതം മഴ പെയ്തു.
കനത്ത മഴയെ തുടർന്ന് പേപ്പാറ ഡാമിന്റെ ഒന്നും നാലും ഷട്ടറുകൾ അഞ്ചുവീതവും രണ്ടും മൂന്നും ഷട്ടറുകൾ 30 സെന്റീമീറ്ററും ഉയർത്തി.നെയ്യാറിന്റെ നാലു ഷട്ടറുകളും 30 സെന്റീമീറ്റർ കൂടി ഉയർത്തി.
വിതുര: മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച മഴയിൽ മേഖലയിൽ വ്യാപകനാശമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നദികളും തോടുകളും കരകവിഞ്ഞതോടെ റോഡുകൾ പലതും വെള്ളത്തിലായി.
മണിതൂക്കിൽ തോട് കരകവിഞ്ഞൊഴുകി പതിനേഴോളം വീടുകളിൽ വെള്ളം കയറി. വിതുര ശിവൻകോവിൽ ജംഗ്ഷൻ തള്ളച്ചിറ റോഡ്, മേമല മീനാങ്കൽ റോഡ് എന്നിവ പൂർണമായും മുങ്ങി.
പൊടിയക്കാല ആദിവാസി മേഖലയിലേക്കുള്ള റോഡും തകർന്നു. റോഡുകളിൽ വെള്ളം നിറഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.
വൃഷ്ടി പ്രദേശത്തെ കനത്ത മഴയെത്തുടർന്ന് പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകളും അഞ്ച് സെന്റീറീമീറ്റർ വീതം ഉയർത്തി. മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകൾ ഉച്ചയോടെ അഞ്ച് സെന്റീമീറ്റർ ഉയർത്തി.
നന്ദിയോട് കാലൻകാവിൽ റോഡിന് കുറുകെ മരംവീണ് ഗതാഗതം തടസപ്പെട്ടു.ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതവിതരണം താറുമാറായി. പൊട്ടൻചിറ, പച്ച, ഓരുക്കുഴി, പുലിയൂർ ,പയറ്റടി, ഇളവട്ടം, കുറുപുഴ, പ്ലാവറ, പവ്വത്തൂർ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി.
ജവഹർ കോളനിയിൽ ലക്ഷം വീടിന് സമീപം മണ്ണിടിച്ചിലുണ്ടായി. പൊട്ടൻചിറ, പയറ്റടി, ഓരുക്കുഴി, കുശവൂർ, പവ്വത്തൂർ എന്നിവിടങ്ങളിൽ ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും വെള്ളംകയറി. വഞ്ചുവം മുതൽ ഇളവട്ടം വരെയുള്ള പ്രധാന റോഡ് വെള്ളത്തിലായി ഗതാഗതം തടസപ്പെട്ടു.