സ്വന്തം ലേഖകൻ
തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് ജില്ലയിൽ അതീവജാഗ്രത. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ശക്തമായ മഴ മൂന്നു ദിനം പിന്നിട്ടപ്പോൾ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഒരാൾ മരിച്ചു. കാട്ടാക്കട താലൂക്കിലെ പശുവണ്ണറ കീഴെകണ്ണക്കോട് വീട്ടിൽ ലളിതാഭായ് (75) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ഒഴുക്കിൽപ്പെട്ട് കാണാതായ ഇവരുടെ മൃതദേഹം നെയ്യാറ്റിൻകര പാലക്കടവിൽ നിന്ന് ലഭിച്ചു. ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിൽ ഇന്ന് 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരപരിധിയിലും ഗ്രാമങ്ങളിലും മലയോര മേഖലകളിലും മഴ ശക്തമായതോടെ മണ്ണിടിച്ചിലും വ്യാപകമാണ്. ജില്ലയിൽ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. വാഴമുട്ടം, പാറവിള, വാമനപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മണ്ണിടിച്ചിലുണ്ടായി.
പേപ്പാറ, നെയ്യാർ, അരുവിക്കര ഡാമുകൾ തുറന്നതോടെ കരമനയാർ, വാമനപുരം, കിള്ളിയാർ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വിഴിഞ്ഞം ഫിഷിംഗ് ലാൻഡിൽ വെള്ളം കയറി മത്സ്യബന്ധന ഉപകരണങ്ങൾക്കു നാശമുണ്ടായി.
ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കു പ്രകാരം ജില്ലയിൽ മൂന്നു വീടുകൾ പൂർണമായും 52 വീടുകൾ ഭാഗികമായും തകർന്നു. കാട്ടാക്കട താലൂക്കിൽ 16 വീടുകൾക്കും നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിൽ 14 വീതം വീടുകൾക്കും ചിറയിൻകീഴ് ഏഴു വീടുകൾക്കും വർക്കല താലൂക്കിൽ ഒരു വീടിനും ഭാഗികമായി നാശനഷ്ടമുണ്ടായി.
കനത്ത മഴയിൽ വർക്കല താലൂക്ക് പരിധിയിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. നെയ്യാർ, അരുവിക്കര, പേപ്പറ ഡാമുകളിലെ ഷട്ടറുകൾ തുറന്ന നിലയിലാണ്. സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി.
ആമയിഴഞ്ചാൻതോട്ടിലും മണ്ണാമ്മൂലയാറിലും ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിലെ ചെറുതും വലുതുമായ ജലാശയങ്ങൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. മഴ ശക്തമായതിന്റെ അടിസ്ഥാനത്തിൽ ജലാശയങ്ങൾക്കു സമീപം താമസിക്കുന്നവർ ജാഗ്രതപുലർത്തണമെന്ന് നിർദേശം നൽകി.
മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അതിതീവ്രമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.