തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ഉംപുൻ’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും. കേരളതീരത്തും ലക്ഷദ്വീപിന്റെ വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ആ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുത്.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളതീരത്ത് നിന്ന് ആരും കടലിൽ പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത എല്ലാ ഭാഗങ്ങളിലും മഴ പെയ്തു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ചില സ്ഥലങ്ങളിൽ ഇന്നലെ പുലർച്ചെ ആരംഭിച്ച മഴ പകൽ മുഴുവൻ തുടർന്നു. മഴയ്ക്കൊപ്പം ശക്തമായി വീശിയടിച്ച കാറ്റിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായി.
ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. കേരതീരത്തും ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ വടക്കു പടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.