എടത്വ: അതിതീവ്രമഴയ്ക്ക് അല്പം ശമനമുണ്ടായെങ്കിലും അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പിന് കുറവില്ല. പത്തനംതിട്ട ജില്ലയില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് കൂട്ടിയത്. പമ്പ, മണിമല ആറുകള്‍ ഇപ്പഴും കരകവിഞ്ഞ് ഒഴുകുകയാണ്.
നാളെ മുതല്‍ മണ്‍സൂണ്‍ മഴ കേരളത്തില്‍ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണ്‍സൂണ്‍ മഴ എത്തുന്നതോടെ അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് ജനജീവിതം ദുരിതപൂർണമാകാന്‍ സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ വെള്ളം കയറി തുടങ്ങിയിരുന്നു. നദീതീരങ്ങളിലും, പാടശേഖര പുറംബണ്ടിലും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ദുരിത ബാധിതരെ മാറ്റി പാര്‍പ്പിക്കാന്‍ അധികൃര്‍ പെടാപ്പാടിലാണ്. വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികളെ ആശുപത്രിയിലേക്കും, ക്വാറന്റൈനിലുള്ളവരെ പ്രത്യേകം സജ്ജീകരിച്ച ക്യാമ്പിലും, രോഗബാധിതരല്ലാത്തവരെ പൊതു ക്യാമ്പുകളിലേക്കും മാറ്റണം.
തദ്ദേശം, റവന്യു, ആരോഗ്യം, പോലീസ്, ഫയര്‍ഫോഴ്സ് വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് സഹായം ലഭ്യമാക്കാന്‍ സാധിക്കൂ. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ വീട് വിട്ടിറങ്ങാനും ദുരിത ബാധിതര്‍ മടിക്കുന്നുണ്ട്.
വെള്ളപ്പൊക്ക കെടുതി ഏറെ അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ജനപ്രതിനിധികളും, റവന്യു ഉദ്യോഗസ്ഥരും, പൊതുപ്രവര്‍ത്തകരും വിവര ശേഖരണം നടത്തുന്നുണ്ട്. നാളെ മുതല്‍ മണ്‍സൂണ്‍ മഴ ശക്തിപ്രാപിച്ചാല്‍ കുട്ടനാട് പ്രളയ കെടുതിയിലേക്ക് മാറാനും സാധ്യത ഏറെയുണ്ട്.
ഇന്നലെ മഴ അല്പം ശമിച്ചെങ്കിലും കുട്ടനാട്ടുകാര്‍ക്ക് ആശ്വാസത്തിന് വകയില്ല. യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവം കെട്ടടങ്ങും മുന്‍പേ മണ്‍സൂണ്‍ മഴ എത്തുന്നത് കുട്ടനാട്ടുകാര്‍ക്ക് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.