മങ്കൊമ്പ്: കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തുടർച്ചയായി പെയ്യുന്ന മഴയ്ക്കുപുറമേ കിഴക്കൻ വെള്ളത്തിന്റെ വരവും ആരംഭിച്ചതോടെ കുട്ടനാട്ടിൽ ജലനിരപ്പു വീണ്ടും ഉയർന്നു. ഇതോടെ ജനജീവിതം കൂടുതൽ ദുഃസഹമായി. താഴ്ന്ന പ്രദേശങ്ങളും റോഡുകളും ഇതോടെ വെള്ളത്തിലായി.
മുട്ടാർ, കൈനകരി, ചമ്പക്കുളം, നെടുമുടി, രാമങ്കരി, പുളിങ്കുന്ന്, മങ്കൊമ്പ്, ചതുർഥ്യാകരി, കാവാലം, കുന്നുമ്മ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ടിന്റെ ദുരിതം അധികമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴപെയ്യുന്നുണ്ടെങ്കിലും അപൂർവം പ്രദേശങ്ങളിൽ മാത്രമാണ് വെള്ളക്കെട്ടനുഭവപ്പെട്ടിരുന്നത്. എന്നാൽ, ഇന്നലെ രാവിലെ മുതൽ കിഴക്കൻവെള്ളത്തിന്റെ വരവുതുടങ്ങിയതോടെ ജലനിരപ്പ് അരയടിയിലധികം ഉയർന്നു.
താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വെള്ളം കയറിയതോടെ ഗതാഗതതടസവും അനുഭവപ്പെട്ടുതുടങ്ങി. നേരത്തെതന്നെ വെള്ളക്കെട്ടനുഭവപ്പെട്ടിരുന്ന മങ്കൊമ്പ് വികാസ് മാർഗ് ചതുർഥ്യാകരി റോഡിൽ വീണ്ടും ജലനിരപ്പുയർന്നതോടെ ഗതാഗതം കൂടുതൽ ദുഷ്കരമായി. നെടുമുടി-വൈശ്യംഭാഗം റോഡിലും ജലനിരപ്പ് വീണ്ടും ഉയർന്നത് നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കി.
രണ്ടാം കൃഷിക്കായി നിലമൊരുക്കൽ ജോലികൾ ആരംഭിച്ച മിക്ക പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. നെടുമുടി, ചമ്പക്കുളം കൃഷിഭവൻ പരിധിയിലാണ് വ്യാപകമായി രണ്ടാംകൃഷിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. ജലനിരപ്പുയർന്നതോടെ പുളിങ്കുന്ന് ജങ്കാർ സർവീസിന്റെ പ്രവർത്തനം ദുഷ്കരമായി. ഇന്നലെ മുതൽ ജങ്കാറിൽ വാഹനങ്ങൾ കയറ്റുന്നത് നിർത്തിവച്ചു.
യാത്രക്കാരെ മാത്രമാണ് ജങ്കാറിൽ കയറ്റിയിറക്കുന്നത്. റോഡുകളിൽ ജലനിരപ്പുയർന്നതോടെ എടത്വയിൽനിന്നും കളങ്ങര, തായങ്കരി എന്നീ റൂട്ടുകളിലുള്ള സർവീസുകൾ കെഎസ്ആർടിസി നിർത്തിവച്ചു. ആശുപത്രി പരിസരത്തു വെള്ളക്കെട്ടു രൂക്ഷമായതോടെ പുളിങ്കുന്ന് താലൂക്കാശുപത്രിയിൽ കിടത്തിച്ചികിത്സ നിർത്തിവച്ചത് സമീപപഞ്ചായത്തുകളിലെ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
വീടുകളും പുരയിടവുമെല്ലാം വെള്ളത്തിലായതോടെ പല വീടുകളും താമസയോഗ്യമല്ലാതായി. മുട്ടാർ, ചമ്പക്കുളം വില്ലേജ് പരിധിയിൽ ഓരോ ദുരുതാശ്വാസ ക്യാമ്പ് വീതം ഇന്നലെ തുറന്നു. ഓരോ കുടുംബമാണ് ഇരുക്യാമ്പുകളിലും കഴിയുന്നത്. രാമങ്കരിയിൽ ഒരു ക്യാമ്പ് ആരംഭിക്കാൻ തീരുമാനമായതായി കുട്ടനാട് കൺട്രോൾ റൂം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകൾക്കു കേടപാടുകൾ സംഭവിച്ചു.
എന്നാൽ, സർക്കാർ കണക്കുകൾ പ്രകാരം ഒരു വീടിനു മാത്രമാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. കിടങ്ങറ പാലപ്പറമ്പിൽ പി.ഡി. തങ്കച്ചന്റെ വീടിനാണ് മരംവീണു കേടുപാടുകൾ സംഭവിച്ചത്. 24 മണിക്കൂറിനുള്ളിൽ കാലവർഷമെത്തുമെന്ന മുന്നറിയിപ്പ് കുട്ടനാട്ടുകാരിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഇനിയും ജലനിരപ്പുയർന്നാൽ കൂടുതൽ പ്രദേശങ്ങളിലെ ജനജീവിതവും ഗതാഗത സൗകര്യങ്ങളും താറുമാറാകും.