വടക്കഞ്ചേരി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വടക്കഞ്ചേരി മേഖലയിൽ പെയ്ത മഴക്ക് ടൊറൻഷ്യൽ (പേമാരി) സ്വഭാവമായിരുന്നെന്ന് മഴ നിരീക്ഷണ വിദഗ്ദ്ധർ. ശനിയാഴ്ച രാവിലെ എട്ടിനും ഇന്നലെ രാവിലെ എട്ടിനും ഇടക്ക് 136 എം എം മഴയാണ് രേഖപ്പെടുത്തിയത്.
മണിക്കൂറിൽ 30 ഇഞ്ചിനും മുകളിലുള്ള മഴയെയാണ് ടൊറൻഷ്യൽ റെയിൻ എന്ന് പറയുകയെന്ന് പതിറ്റാണ്ടുകളായി മഴ നിരീക്ഷണം നടത്തുന്ന റിട്ടയേർഡ് പ്രഫ.ഡോ.വാസുദേവൻപിള്ള പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു ഈ പേമാരിയുണ്ടായത്.
ടൊറൻഷ്യൽ റെയിൻ ഉണ്ടാകുന്നത് കോയിലി സെൻസ് എന്ന പ്രതിഭാസത്തിലൂടെയാണ്. ഒന്നിലധികം മഴ തുള്ളികൾ ഒന്നിച്ച് വലിയ മഴ തുള്ളിയാകുന്ന പ്രക്രിയയാണ് ഇത്. അന്തരീക്ഷ ഈർപ്പത്തേയും മഴ മേഘ സ്വഭാവത്തെയും ആശ്രയിച്ചാണ് ഇങ്ങനെ സംഭവിക്കുക.
അന്തരീക്ഷത്തിൽ അനുവദനീയമായ അളവിനപ്പുറമുള്ള ഖര, ദ്രാവക കണികകളുടെ സാന്നിധ്യം ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതാണെന്ന് മഴയെക്കുറിച്ചുള്ള പഠനങ്ങൾ തെളിയിച്ചിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു.
ഹരിത കേരള മിഷൻ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണായ പ്രഫ.ഡോ.വാസുദേവൻപിള്ള, ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ കൂടിയാണ്.
ഏഴ്, എട്ട്, ഒന്പത് തിയ്യതികളിൽ മാത്രം 402 എംഎം മഴ വടക്കഞ്ചേരിയിൽ ലഭിച്ചു.ഇതിൽ ആറാം തിയ്യതി രാവിലെ എട്ടിനും ഏഴാം തിയ്യതി രാവിലെ എട്ടിനും 159 എംഎം മഴ ലഭിച്ചെങ്കിലും അതിന് പേമാരിയുടെ സ്വഭാവമുണ്ടായില്ല.
ദുരന്ത നിവാരണമാർഗ്ഗങ്ങളൊരുക്കുന്നത് ഭൂമിയിൽ മാത്രം പോരാ അന്തരീക്ഷത്തിന്റെ സംരക്ഷണവും ഉറപ്പാക്കണമെന്ന വസ്തുതയിലേക്കാണ് ഇത്തരം അതിതീവ്ര മഴ വിരൽചൂണ്ടുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.