വൈക്കം: ശക്തമായി തുടരുന്ന മഴയിൽ മൂവാറ്റുപുഴയാറ്റിലെ ജലനിരപ്പുയർന്നതോടെ പ്രധാന റോഡുകളും ഉൾപ്രദേശത്തെ റോഡുകളും വെള്ളത്തിൽ മുങ്ങിയത് വാഹന ഗതാഗതം തടസപ്പെടുത്തി. വൈക്കം – തലയോലപ്പറന്പ് റോഡിൽ വല്ലകത്തും വടയാർ പൊട്ടൻചിറ പന്പിനു സമീപവും റോഡിൽ വെള്ളം കരകവിഞ്ഞു ഒഴുകുകയാണ്. വാഴുമന-മുട്ടുങ്കൽ റോഡിൽ മുട്ടിനു മേൽ വെള്ളമെത്തിയതോടെ ഗതാഗതം തടസപ്പെട്ടു. വടയാർ -എഴുമാംതുരുത്തു റോഡിലും ടോൾ – ചെമ്മനാകരി റോഡിലും വൈക്കം ടൗണ്‍ -കോവിലകത്തുംകടവ് റോഡിലും വെള്ളം നിറഞ്ഞത് വാഹന ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
വൈക്കത്ത് പുഴയോരത്ത് താമസിക്കുന്നവർ ക്യാന്പിൽ
വൈക്കം: പുഴയോരത്ത് താമസിക്കുന്നവരുടെ വീടുകളിൽ വെള്ളം കയറിയതോടെ എല്ലാവരും ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറി. വൈക്കം കൊടിയാട്, പടിഞ്ഞാറെക്കര സ്കൂൾ, വല്ലകം സെന്റ് മേരീസ് സ്കൂൾ, മറവൻതുരുത്തു യുപിഎസ്, കുലശേഖരമംഗലം കടായി സ്കൂൾ, തലയോലപ്പറന്പ് ഡിബി കോളേജ്, തലയോലപ്പറന്പ് എ.ജെ ജോണ്‍ തുടങ്ങിയ സ്കൂളുകളിലാണ് ക്യാന്പുകൾ തുറന്നത്.വാഴമന കൊടിയാടു ഭാഗത്ത് കൂടുതൽ വീടുകൾ വെള്ളത്തിലായതോടെ മറ്റൊരു ക്യാന്പുകൂടി തുറക്കേണ്ട സാഹചര്യമുണ്ട്.
ബണ്ട് തകർന്നു
വൈക്കം: വൈക്കം നാറാത്ത് ബ്ലോക്കിലെ ബണ്ട് തകർന്നതിനെ തുടർന്ന് 35 ഏക്കർ നെൽകൃഷി വെള്ളത്തിൽ മുങ്ങി. വിതച്ച് ഒരു മാസം പിന്നിട്ട കൃഷിയിടത്തിൽ ഇന്നു രാവിലെ പുറംബണ്ട് തകർന്നതോടെയാണ് കൃഷി വെള്ളത്തിലായത്. 20 വർഷമായി തരിശു കിടന്ന പാടശേഖരമൊരുക്കി കൃഷിയിറക്കുന്നതിന് നഗരസഭയും കൃഷിഭവനും ഏറെ പരിശ്രമങ്ങൾ നടത്തിയിരുന്നു. കർഷകർ ബണ്ട് ബലപ്പെടുത്താൻ ശ്രമങ്ങൾ നടത്തിവരികയാണ്.