വൈക്കം: കിഴക്കൻ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കരിയാറിലെ ജലനിരപ്പുയർത്തിയതിനെ തുടർന്ന് തലയാഴം തോട്ടകത്തെയും സമീപ പ്രദേശത്തുള്ളവരുടെയും വീടുകളിൽ വെള്ളം കയറി. ജലാശയങ്ങളുടെ സമീപത്തും പാടശേഖരങ്ങളുടെ നടുവിലും താമസിക്കുന്ന നിരവധി കുടുംബങ്ങൾ ക്യാന്പിലേയ്ക്കുമാറി.
തോട്ടകം ഗവണ്മെന്റ് എൽപി സ്കൂളിലെ ക്യാന്പിലേയ്ക്കാണ് തോട്ടകം കോണത്തുതറ, മുപ്പതിൽ, മുണ്ടാർ അഞ്ചാം ബ്ലോക്ക് എന്നിവടങ്ങളിലുള്ളവർ എത്തിയത്. ഇന്നു രാവിലെ ശക്തമായി മഴ തുടരുന്നതിനാൽ വെള്ളം ഇനിയും ഉയരാനാണു സാധ്യത.
വെള്ളക്കെട്ടിൽ നിന്നമുപ്പതിൽ റെജിമോന്റെ വീട് ഭാഗീകമായി തകർന്നു വീണു. തോട്ടകത്തെ സമീപ പ്രദേശങ്ങളായ കറുകത്തട്ട് പനച്ചാംതുരുത്ത്, മാനാത്തുശ്ശേരി തുടങ്ങിയ സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങി.
നെൽകൃഷി വെള്ളത്തിൽ മുങ്ങി
തലയാഴം: പ്രളയംതലയാഴം പഞ്ചായത്തിലെ നെൽകൃഷിക്കും കനത്ത നാശം വരുത്തി. 118 ഏക്കർ വിസ്തീർണമുള്ള തലയാഴം മുണ്ടാർ അഞ്ചാം നന്പർ പാടശേഖരത്തിലെ 25 ദിവസം പിന്നിട്ട നെൽകൃഷി വെള്ളത്തിൽ മുങ്ങി. അറുപതോളം ചെറുകിട കർഷകരുടെ പ്രതീക്ഷകളാണ് വെള്ളത്തിലായത്.
വളമിടാറായ കൃഷിക്കായി ഏക്കറിനു 15000 രൂപ കർഷകർ മുടക്കിക്കഴിഞ്ഞപ്പോഴാണ് വെള്ളം പൊങ്ങി മട വീണ് കൃഷി നശിച്ചത്. സമീപത്തെ 600,700 ബ്ലോക്കുകളിലെ ബണ്ടുകളും തകർച്ചാഭീഷണിയിലാണ്.ഇരു ബ്ലോക്കുകളിലുമായി 200 ലധികം ഏക്കർ കൃഷിയുണ്ട്.