ശാസ്താംകോട്ട : ശക്തമായ കാറ്റിലും മഴയിലും ശൂരനാട് വടക്ക് പഞ്ചായത്തിലെ കിഴകിട ഏലായിൽ വ്യാപക കൃഷിനാശം. ഏക്കറു കണക്കിന് പാടത്ത് ലക്ഷകണക്കിന് രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം.
മഴയ്ക്കൊപ്പം അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റാണ് നാശം വിതച്ചത്. ഓണത്തിന് മുമ്പ് വിളവെടുക്കാൻ കഴിയുമായിരുന്ന അയ്യായിരത്തോളംനേന്ത്രവാഴകളാണ് ഒടിഞ്ഞു വീണത്.ഇവയിൽ ഭൂരിഭാഗവും കുലച്ചവയായിരുന്നു. ഇതിനൊപ്പം പൂവൻ വാഴ, കപ്പവാഴ, മരച്ചീനി, ചേന, പയർ എന്നിവയും നശിച്ചിട്ടുണ്ട്. മാത്രമല്ല ഏലായിൽ നിന്ന ആഞ്ഞിലി അടക്കമുള്ള കൂറ്റൻ വ്യക്ഷങ്ങളും കടപുഴകി.
ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് കുറ്റിക്കാട്ട് പടിഞ്ഞാറ്റതിൽ രമണൻ, പ്ലാവിളയിൽ വിജയൻ, ഗോവിന്ദ ഭവനിൽ അനീഷ്, പുതിയ വീട്ടിൽ ബിനു, പുതിയ വീട്ടിൽ വിജയൻ തുടങ്ങി നിരവധി കർഷകരുടെ മാസങ്ങളായുള്ള അധ്വാനമാണ് കാറ്റിൽ നിലം പതിച്ചത്. ചിലർ പാട്ടത്തിനെടുത്ത് കൃഷി നടത്തി വരുന്നവരാണ്. ബാങ്ക് വായ്പയും പലിശയ്ക്ക് പണവുമെടുത്താണ് പലരും കൃഷിയിറക്കിയത്.
ആനയടി, പാതിരിക്കൽ, പുലിക്കുളം, ഇടപ്പനയം, കണ്ണമം പ്രദേശങ്ങളിലും കാറ്റും മഴയും നാശം വിതച്ചു. മരം വീണ് പാതിരിക്കൽ തോണ്ടലിൽ തെക്കതിൽ ശ്രീജിത്ത്, വിളയിൽ കിഴക്കതിൽ വാസു, തെങ്ങുള്ളതിൽ പ്രഭാകരൻ എന്നിവരുടെ വീടുകൾ ഭാഗികമായി തകർന്നു.
വിവേക് ഭവനിൽ വേണവിന്റെ വീടിന്റെ ഷീറ്റിട്ട മേൽക്കൂര പറന്നു പോയി. കോവൂർ കുഞ്ഞുമോൻ എംഎൽഎ, പഞ്ചായത്തംഗം സൗമ്യ എന്നിവർ കൃഷിനാശം സംഭവിച്ച പ്രദേശങ്ങളിൽ സന്ദർശനം നടത്തി.സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തിരമായി കർഷകർക്ക് സഹായം എത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.