നെടുങ്കണ്ടം: ടാര്പ്പോളിന് കെട്ടിയ ഷെഡില്‍ അന്തിയുറങ്ങിയിരുന്ന കുടുംബത്തിന്റെ കിടപ്പാടവും കാലവര്‍ഷം കവര്‍ന്നു. ഇതോടെ നാലംഗങ്ങളുള്ള കുടുംബം അയല്‍വീടുകളില്‍ മാറിമാറി താമ സിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പെരുമഴയിലും കാറ്റിലുമാണ് രാമക്കല്‍മേട് തോവാളപ്പടി പോണാവള്ളില് പ്രദീപിന്റെ വീട് പൂര്‍ണമായും തകര്‍ന്നത്. വീട് തകര്‍ന്നതിനൊപ്പം ഗൃഹോപകരണങ്ങളും നശിച്ചു.
ടാര്പ്പോളിൻ കെട്ടി മറച്ചിരുന്ന വീട്ടിലായിരുന്നു പ്രദീപും ഭാര്യ സ്മിതയും രണ്ട് പെണ്മക്കളും താമസിച്ചിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി ഉള്‍പ്പെടുന്നതാണ് ഇവരുടെ കുടുംബം.
വര്‍ഷങ്ങള്‍ക്കു മുമ്പ് തെങ്ങില്‍നിന്ന് വീണ് പരിക്കേറ്റ പ്രദീപിന് കൂലിപ്പണിക്കുപോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. നാലംഗ കുടുംബത്തിന്റെ ഏക ആശ്രയം പ്രദീപിന്റെ ഭാര്യ സ്മിതയ്ക്ക് വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയില്‍നിന്നുള്ള വരുമാനമാണ്.
പ്രദീപിന്റെയും മാനസിക വെല്ലുവിളിയുള്ള മകളുടെയും ചികിത്സാച്ചെലവുകള്‍, വീട്ടുചെലവ് തുടങ്ങിയവ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയാണ് ഉണ്ടായിരുന്ന കിടപ്പാടവും നഷ്ടമായത്.
2017ല്‍ ഇവര്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ വീടിനുള്ള അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെയും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
കിടപ്പാടം നഷ്ടമായ ഈ നിര്‍ധന കുടുംബത്തെ സഹായിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.