മെഡിക്കല്‍ കോളജ്: തോരാതെ പെയ്ത മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ ഏറെയും വെളളത്തിനടിയിലായി. ആമയിഴഞ്ചാന്‍ തോടിന്റെ കൈവഴി കരകവിഞ്ഞ് തേക്കുംമൂട് ബണ്ട് കോളനിയിലെ നിരവധി വീടുകളില്‍ വെളളം കയറി.
കുമാരപുരം, തേക്കുംമൂട്, ഗൗരീശപട്ടം ഭാഗങ്ങളിലായി 250ഓളം വീടുകളില്‍ വെളളം കയറി. കണ്ണമ്മൂല പുത്തന്‍പാലം ഭാഗത്ത് പാര്‍വതി പുത്തനാര്‍ കരകവിഞ്ഞൊഴികിയതിനെത്തുടര്ന്ന് നൂറോളം പേരെ വിവിധ സ്ഥലങ്ങളിലായി മാറ്റി പാര്‍പ്പിച്ചു.
കണ്ണമ്മൂല, വഞ്ചിയൂര്‍, പാറ്റൂര്‍, പുത്തന്‍പാലം, കുമാരപുരം, പോങ്ങുംമൂട് (അര്‍ച്ചന നഗര്‍), ഉളളൂര്‍ (കൃഷ്ണ നഗര്‍), ഗൗരീശപട്ടം ഭാഗങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ 2.15 മുതല്‍ തന്നെ ചാക്ക ഫയര്‍ ഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ഈ ഭാഗങ്ങളില്‍ അപകടകരമായ തരത്തില്‍ വീടുകളില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് കിടപ്പുരോഗികള്‍ ഉള്‍പ്പെടെ നിരവധി പേരെ ബന്ധു വീടുകളിലേയ്ക്കും ക്യാംപുകളിലേയ്ക്കും മാറ്റി.
കണ്ണമ്മൂല പുത്തന്‍പാലം സ്വാതിനഗറില്‍ കിടപ്പുരോഗിയായ ലീലാംബികയെയും ഗീത, പൊടിച്ചി, രാധ, തങ്കം, തമ്പി എന്നിവരില്‍ ചിലരെയും ബന്ധുവീടുകളിലേയ്ക്കും മറ്റുളളവരെ ക്യാംപുകളിലേയ്ക്കും മാറ്റി.
പോങ്ങുമ്മൂട്ടില്‍ മഞ്ജു, ഉളളൂര്‍ കൃഷ്ണനഗറില്‍ ശ്രീകുമാരി, രാജന് എന്നിവരെ ആശുപത്രിയില്‍ പോകാന്‍ ഫയര്‍ ഫോഴ്സ് സംഘം സൗകര്യമൊരുക്കി.
പാറ്റൂര്‍ അയ്യന്‍കാളി നഗര്‍ ശ്രീശൈലം വീട്ടില്‍ രാജേന്ദ്രന്, ശൈലജ, ബാബു, മഞ്ജു, കൊല്ലൂര്‍ പണയില്‍ വീട്ടില്‍ പ്രശാന്ത്, രമണി, ബാബു എന്നിവരെ വീടുകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചു.
ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നും വീടുകളില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് കണ്ണമ്മൂല ഷൈനി നിവാസില്‍ ബിജു, ഷൈനി, അനഘ എന്നിവരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി.
പാറ്റൂര്‍ സ്വദേശി നബീസയെ വീട്ടില്‍ അപകടകരമായ തരത്തില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് കസാരയില്‍ ബന്ധുവീട്ടില്‍ എത്തിച്ചു. വെട്ടുകാട്, വേളി, ഓള്‍സെയിന്റ്സ്-ബാലനഗര്‍ ഭാഗങ്ങളില്‍ 300-ഓളം വീടുകളില്‍ വെളളം കയറി.
ഈ ഭാഗങ്ങളില്‍ നിന്നും നിരവധി പേര് ഫയര്‍ ഫോഴ്സ് അധികൃതരുടെ സഹായം തേടിയിരുന്നു. ഗൗരീശപട്ടത്ത് പാര്‍വതി പുത്തനാറില്‍ നിന്നും 100-ഓളം വീടുകളില്‍ വെളളം കയറിയതായി ഫയര്‍ഫോഴ്സ് അധികൃതര്‍ അറിയിച്ചു.