കോട്ടയം: മഴയ്ക്കു ശമനമായതോടെ മഴക്കെടുതിയിൽനിന്നു നേരിയ ആശ്വാസം. ജില്ലയിൽ ഇന്നലെ പകൽ കാര്യമായ മഴയുണ്ടായില്ല.
മഴ കുറഞ്ഞെങ്കിലും പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കോട്ടയം മുനിസിപ്പാലിറ്റിയുടെ പടിഞ്ഞാറൻ ഭാഗം, കുമരകം, അയ്മനം, തിരുവാർപ്പ്, ആർപ്പൂക്കര, വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്.
കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞു എന്നതിന്റെ ആശ്വാസം മാത്രമാണുള്ളത്. വെള്ളം ഇറക്കം പതുക്കെയാണ്. അതിനാൽ കെടുതി രൂക്ഷമാണ്. പലർക്കും ക്യാന്പുകളിൽനിന്നു വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല.
ഇതിനിടയിൽ ഇന്നു മുതൽ മഴ ശക്തി പ്രാപിക്കുമെന്ന വാർത്ത എല്ലാവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മലയോര മേഖലയാണ് ഭീതിയിൽ കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ മൂന്നിലവ്, തീക്കോയി, കൂട്ടിക്കൽ പ്രദേശത്തുള്ളവർ ചെറിയ മഴയേ പോലും ഭയക്കുകയാണ്.
മഴ മാറി നിന്നതോടെ കഴിഞ്ഞ ദിവസമാണ് ആളുകൾ ബന്ധുവീടുകളിൽനിന്നും മറ്റും സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തിയത്.
കാലവർഷക്കെടുതിയിൽ ജില്ലയിൽ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. കാർഷികമേഖലയിലും വലിയ നഷ്ടമുണ്ടായി.
മലയോര മേഖലയിലെ പല റോഡുകളും ഇതുവരെ ഗതാഗതയോഗ്യമാക്കിയിട്ടില്ല. പല പാലങ്ങളും തകർന്നു കിടക്കുകയാണ്. ചില പാലങ്ങളാകട്ടെ അപകടാവസ്ഥയിലും.
ദുരിത മേഖലയിൽ സർക്കാരും ത്രിതല പഞ്ചായത്ത് സംവിധാനവും ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ ദുരിതത്തിൽനിന്നു കരകയറാൻ സാധിക്കുകയുള്ളൂ.