സി.സി.സോമൻ
കോട്ടയം: കാറ്റും മഴയും മൂലം വീടോ കെട്ടിടമോ തകർന്നാൽ നഷ്ടപരിഹാര തുക കിട്ടാൻ വില്ലേജ് ഓഫീസിൽ മാത്രം പോയിട്ടുകാര്യമില്ല. ഇനി പഞ്ചായത്ത് ഓഫീസിലും അപേക്ഷ നല്കണം. പഞ്ചായത്ത് ഓവർസീയറോ അതിനു മുകളിലുള്ള ഉദ്യോഗസ്ഥരോ ആണ് നഷ്ടം തിട്ടപ്പെടുത്തേണ്ടത്.
ഈ സാന്പത്തിക വർഷം മുതൽ ഈ വ്യവസ്ഥ നിലവിൽ വരുത്തിക്കൊണ്ട് സർക്കാർ ഉത്തരവായി. പ്രകൃതി ക്ഷോഭം മൂലം വീടുകൾക്കും കെട്ടിടങ്ങൾക്കും ഉണ്ടാകുന്ന നാശനഷ്ടം എത്രയെന്ന് നേരത്തേ വില്ലേജ് ഓഫീസർ ആയിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ നഷ്ടം കണക്കാക്കേണ്ടത് സാങ്കേതിക പരിജ്ഞാനമില്ലാത്ത വില്ലേജ് ഓഫീസറല്ല എന്നാണ് സർക്കാർ നിലപാട്.
ഇക്കാര്യത്തിൽ സാങ്കേതിക പരിജ്ഞാനമുള്ള പഞ്ചായത്ത് ഓവർസീയറോ അതിനു മേലുള്ള ഉദ്യോഗസ്ഥരോ ആണ് ഇനി നഷ്ടം എത്രയെന്ന് തിട്ടപ്പെടുത്തുക. ദുരന്ത നിവാരണ വകുപ്പ് ഇറക്കിയ ഉത്തരവിന്റെ കോപ്പി എല്ലാ തദേശ സ്ഥാപനങ്ങൾക്കും വില്ലേജ് ഓഫീസുകളിലും നല്കിയിട്ടുണ്ട്.
തദേശ സ്ഥാപനത്തിലെ ഓവർസീയറോ അതിനു മുകളിലുള്ള ഉദ്യോഗസ്ഥനോ കെട്ടിടത്തിനും വീടിനും സമർപ്പിക്കുന്ന സാങ്കേതിക നാശനഷ്ട അവലോകന സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡപ്രകാരമാണ് തുക അനുവദിക്കുന്നതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. തുക അതാത് വ്യക്തികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നല്കേണ്ടത് റവന്യു വകുപ്പാണെന്നും ഉത്തരവിൽ പറയുന്നു.
തദേശ സ്ഥാപനത്തിലെ ഓവർസീയറിൽ കുറയാത്ത ഉദ്യോഗസ്ഥനെത്തി നഷ്ടം തിട്ടപ്പെടുത്തിയ ശേഷം റിപ്പോർട്ട് വില്ലേജ് ഓഫീസർക്ക് കൈമാറണം. വില്ലേജ് ഓഫീസർ അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് ഓവർസീയറുടെ റിപ്പോർട്ടിനൊപ്പം ചേർത്ത് തസഹിൽദാർക്ക് നല്കണമെന്നാണ് നിർദേശം.
ഏതെങ്കിലും ദുരിതാശ്വാസ നിർണയത്തിൽ അപാകതയോ പരാതിയോ ഉണ്ടെന്ന് ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടാൽ മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിച്ച് നേരിട്ട് പരിശോധിക്കേണ്ടതും തുടർ നടപടി സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവിലെ വ്യവസ്ഥകളിലും മാർഗ നിർദേശങ്ങളിലും വീഴ്ച വരുത്തുന്നത് ഗുരുതരമായി കണക്കാക്കുമെന്നും വ്യക്കമാക്കിയിട്ടുണ്ട്.
നഷ്ടം കണക്കാക്കാൻ സാങ്കേതിക പരിജ്ഞാനം ആവശ്യമാണെന്നും അങ്ങനെയെങ്കിൽ യഥാർഥ നഷ്ടം കെട്ടിട ഉടമയ്ക്ക് ലഭിക്കുമെന്നുമാണ് സർക്കാർ കണക്കാക്കുന്നത്. എന്നാൽ ഇത് കാലതാമസമുണ്ടാക്കുമെന്ന ആശങ്ക ഒരു വിഭാഗം ജനങ്ങൾക്കുണ്ട്. പുതിയ ഉത്തരവനുസരിച്ചുള്ള നടപടികൾ ആരംഭത്തിലായതിനാൽ ഇത് ഗുണമോ ദോഷമോ എന്നു പറയാറായിട്ടില്ല.