തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയും. അതേസമയം വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചവരെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യും.
കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. കോട്ടയം, എറണാകുളം,ഇടുക്കി, മലപ്പുറം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് ഇന്ന് സാധ്യതയുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.തിരുവനന്തപുരത്ത് കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്.
വിഴിഞ്ഞത്ത് മണ്ണിടിച്ചിലിൽ വീടുകൾ അപകടാവസ്ഥയിലായി. മണ്‍റോ തുരുത്തിൽ അഞ്ഞൂറിൽ അധികം വീടുകൾ വെള്ളത്തിനടിയിലായി. കൊട്ടാരക്കര വാളകത്ത് എംസി റോഡിൽ ഇന്നലെ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.
ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകുന്നു.
ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ സ്ഥിതി ചെയ്യുന്ന ന്യുനമർദം അടുത്ത 24 മണിക്കൂറിൽ ശക്തമായ ന്യൂനമർദമായി മാറും.
തുടർന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ മധ്യകിഴക്കൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.