കോട്ടയം: ജില്ലയിൽ രണ്ടു ദിവസമായി പെയ്യുന്ന മഴ തുടരുകയാണ്. അതിശക്തമായ മഴയാണ് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ലഭിക്കുന്നത്. തുലാമഴ ആരംഭിച്ചയുടൻ ശക്തിപ്രാപിക്കുകയായിരുന്നു. ഇന്നലെ വൈുകന്നേരം നാലോടെ ആരംഭിച്ച മഴ രാത്രി ഏഴു വരെ തുടർന്നു. ഇന്നു പുലർച്ചെ വീണ്ടും അതിശക്തമായ മഴ ആരംഭിച്ചു. മീനച്ചിലാറും കൊടൂരാറും മണിമലയാറും കലങ്ങിമറിഞ്ഞൊഴുകുകയാണ്. ജലനിരപ്പ് നേരിയ തോതിൽ വർധിച്ചിട്ടുണ്ട്.
പലയിടത്തും ഇട റോഡുകൾ മുങ്ങി. യാത്രാ തടസം നേരിട്ടു. നഗരത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂക്ഷമാണ്. രാത്രിയിലും ചിലയിടങ്ങളിൽ പിന്നെയും മഴയുണ്ടായി. ഇടിമിന്നൽ ഇല്ലായിരുന്നു. ഇന്നലെ ജില്ലയിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. തുടർച്ചയായി മണിക്കൂറുകളോളം നീണ്ടു നിന്ന മഴയെത്തുടർന്ന് ആറുകളിലും നദികളിലും ജലനിരപ്പ് ഉയർന്നു.
മീനച്ചിൽ, മണിമല, പന്പ, മൂവാറ്റുപുഴയാറുകൾ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇന്നും ശക്തമായ മഴയുണ്ടാകൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്കിയിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
മഞ്ഞ അലർട്ടാണ് ഇന്ന് ജില്ലയിൽ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്.സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും നൽകിയിട്ടുണ്ട്.