തിരുവനന്തപുരം: കേരളത്തിൽ ഈ ആഴ്ച പെരുമഴയുടെ കാലമാണെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച രാവിലെ വരെയാണ് കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും വെള്ളിയാഴ്ച പകലും രാത്രിയിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 12 മുതൽ 20 സെന്റീമീറ്റർ വരെയുള്ള അത്യന്തം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനു പുറമെ അറബിക്കടലിൽ ലക്ഷദ്വീപിനും മാലിദ്വീപിനും സമീപത്തായി ആറാം തീയതിയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ന്യൂനമർദം ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറൻ ദിശയിലേക്കു നീങ്ങുന്നതോടെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ആറു മുതൽ മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ മത്സ്യബന്ധനത്തിനായി പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മുന്നറിയിപ്പു പിൻവലിക്കും വരെ അടിയന്തര സാഹചര്യം നേരിടാനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കു നിർദേശവും നൽകിയിട്ടുണ്ട്. 24 മണിക്കൂറും താലൂക്ക് കണ്ട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി നിർദേശം നൽകി.
ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴു മുതൽ രാവിലെ ഏഴു മുതൽ മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്, പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങാതിരിക്കുക, കുട്ടികളെ ഇക്കാര്യങ്ങളിൽ നിന്നു പിന്തിരിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം തുടങ്ങിയ നിർദേശങ്ങളും ദുരന്ത നിവാരണ അഥോറിറ്റി നൽകിയിട്ടുണ്ട്.