തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തികൂടിയ ന്യൂനമർദം രൂപപ്പെട്ടു. ഇത് 48 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്.
കൂടാതെ മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതുമാണ് ശക്തമായ മഴയ്ക്ക് കാരണം.അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2385.18 അടിയായി ഉയർന്നു.
ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടാനാണ് തീരുമാനം. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയർന്നു. ഇപ്പോൾ 138.75 അടിയാണ് ജലനിരപ്പ്.
നിലവിൽ മൂന്ന് ഷട്ടറുകളിലൂടെ സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകളും ഇന്ന് തുറക്കും.
വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് ഇന്നു രാവിലെ തുറന്നു. ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നതിനെ തുടർന്നാണ് ബാണാസുര സാാഗർ ഡാം തുറന്നത്. ജലനിരപ്പ് 2539 അടിയായിരുന്നു.
ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്റർ ആണ് ഉയർത്തിയത്. നാല് ഷട്ടറുകളിൽ ഒന്ന് ആണ് ഉയർത്തിയത്.
ഒരു സെക്കൻഡിൽ 8.50ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.മലമ്പുഴ ഡാം ഷട്ടറുകൾ 20 ൽ നിന്ന് 30 സെ.മി ആയി ഉടൻ ഉയർത്തും.
ഇടമലയാർ അണക്കെട്ട് നാളെ തുറക്കും. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.