തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും.
നാളെ രാത്രിയോ മറ്റന്നാൾ അതിരാവിലെയോ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.
അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് വൈകുന്നേരം മുതൽ നാളെ വരെ കാറ്റിന്റെ വേഗത മണിക്കൂറിൽ 70-90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കാൻ സാധ്യത.