തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷം പെയ്തു തുടങ്ങാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ് ശക്തമായതും മറ്റ് അനുകൂല സാഹചര്യങ്ങളും നിലനിൽക്കുന്നതിനാൽ കാലവർഷം ഉടൻ പെയ്തു തുടങ്ങുമെന്നാണ് നിലവിലെ വിലയിരുത്തൽ.
കാലവർഷത്തിന്റെ വരവറയിച്ച് ശനിയാഴ്ച മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രാവിലെ മഴ പെയ്തിരുന്നു.
എന്നാൽ സംസ്ഥാനത്തെ 14 മഴമാപിനി കേന്ദ്രങ്ങളിൽ രണ്ടു ദിവസം തുടർച്ചയായി രണ്ടര സെന്റീമീറ്ററോ അതിനു മുകളിലോ മഴ പെയ്താൽ മാത്രമേ കാലവർഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. എന്നാൽ ഇതുവരെ അത്തരത്തിൽ മഴ പെയ്തിട്ടില്ല.
അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഞായറാഴ്ചയും തിങ്കളാഴ്ചയും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഞായറാഴ്ചയും തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും അടുത്ത 48 മണിക്കൂർ കൂടി കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.