തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട്.
ഇതേത്തുടർന്നു കാസർഗോഡ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലും എറണാകുളം, പാലക്കാട് ജില്ലകളിൽ ബുധനാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ചൊവ്വാഴ്ചയും കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ഭാഗത്തേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്.
മഴക്കുറവ് നികത്തി കാലവർഷം
തിരുവനന്തപുരം: രണ്ടാഴ്ചയായി തിമിർത്തു പെയ്യുന്ന കാലവർഷം സംസ്ഥാനത്ത് മഴക്കുറവ് നികത്തി അതിശക്തമായി തുടരുന്നു. ഈ മാസം ആദ്യം 42 ശതമാനമായിരുന്ന മഴക്കുറവ് ഇന്നലെ ആയപ്പോൾ 28 ശതമാനമായി ചുരുങ്ങി.
അതേസമയം, കാലവർഷം കൂടുതൽ ശക്തിപ്പെട്ടിട്ടും മൂന്ന് ജില്ലകളിൽ മാത്രമാണ് ശരാശരിക്കടുത്ത് മഴ പെയ്തത്.
എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ശരാശരിക്കടുത്ത് മഴ പെയ്തത്. എറണാകുളം ജില്ലയിൽ ഇന്നലെ വരെ 1063.6 മില്ലിമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 902.5 മില്ലിമീറ്റർ മഴ പെയ്തു.
കോട്ടയത്ത് 983.6 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് 993.7 മില്ലിമീറ്ററും പത്തനംതിട്ടയിൽ 820.5 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് 767 മില്ലിമീറ്ററും മഴ പെയ്തു.