തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസംകൂടി കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
വെള്ളിയാഴ്ച വരെ 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള മഴയ്ക്കാണ് സാധ്യത. ശനിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 11 സെന്റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച വരെ കേരളതീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പു നൽകി.
എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അറബിക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ 48 മണിക്കൂറിനുള്ളിൽ രൂപപ്പെടാനിടയുള്ള ന്യൂനമർദത്തിന്റെയും സ്വാധീനത്താലാണ് കേരളത്തിൽ മഴ ശക്തമായത്.