മുതലമട: കഴിഞ്ഞവർഷം ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേർ മരിക്കുകയും നിരവധിപേർക്ക് പനിയും ബാധിച്ച മുതലമട പഞ്ചായത്ത് പ്രദേശങ്ങളിൽ മുൻകാല പ്രതിരോധപ്രവർത്തനങ്ങൾ ഇനിയും തുടങ്ങിയില്ലെന്നു പരാതി. കാന്പ്രത്തുചള്ള പഴയപാതയിൽ യുവതിയും മാന്പള്ളത്ത് ഓട്ടോഡ്രൈവറുമാണ് മരിച്ചത്.
ഇതിനായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പ്രതിരോധ ബോധവത്കരണ പരിപാടികളും ഉടനേ നടത്തണം. നടുപ്പതി, കുറ്റിപ്പാടം, ആനമാറി, നെണ്ടൻകിഴായ, പള്ളം, ചപ്പക്കാട്, ചെമ്മണാംപതി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായും ഉണ്ടായത്.
പഞ്ചായത്തിലെ ഒട്ടുമിക്ക വാർഡുകളിലും മാലിന്യം രൂക്ഷമായി കൊതുകുകൾ പെരുകുകയാണ്.കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഈ വർഷമാണ് വേനൽമഴ ലഭിച്ചത്. മുൻവർഷങ്ങളിൽ ജൂണ്‍ അവസാനത്തിലാണ് കാലവർഷം തുടങ്ങിയത്. സ്കൂളുകളിൽ വിദ്യാർഥികൾക്ക് ചൂടുവെള്ളം നല്കാൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
പഞ്ചായത്ത് പ്രദേശത്തെ അഴുക്കുചാലിൽ കെട്ടിനില്ക്കന്ന മലിനജലം നീക്കംചെയ്ത് ഫോഗിംഗ് നടത്തണം.
ദിനംപ്രതി അഞ്ഞൂറിലധികം രോഗികൾ ചികിത്സയ്ക്കെത്തുന്ന മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിച്ച് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.