ചിറ്റൂർ: കാലവർഷം ശക്തമായതോടെ താലൂക്കിന്റെ കിഴക്കൻമേഖലയിൽ മോഷ്ടാക്കളുടെ വിളയാട്ടം രൂക്ഷമായി. കഴിഞ്ഞദിവസം കണക്കന്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. രണ്ടു ഭണ്ഡാരങ്ങളിൽനിന്നായി അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.
ഇന്നലെ രാവിലെ പ്രഭാതപൂജകൾക്കായി ക്ഷേത്രം തുറന്നപ്പോഴാണ് പൂജാരി ഭണ്ഡാരം കുത്തിത്തുറന്നതായി കണ്ടെത്തിയത്. സംഭവത്തിൽ ചിറ്റൂർ പോലീസിനു പരാതി നല്കി. ഇതിനു മുന്പും ഭണ്ഡാരത്തിൽ മോഷണം നടന്നിട്ടുള്ളതിനാൽ ബലമേറിയ പൂട്ടുകൾ സ്ഥാപിച്ചിരുന്നു. ഇതു തകർത്താണ് ഇപ്പോഴത്തെ മോഷണം. ചിറ്റൂർ പോലീസ് ക്ഷേത്രത്തിൽ പരിശോധന നടത്തി മേൽനടപടി സ്വീകരിച്ചു.
കുറ്റിപ്പള്ളത്ത് കഴിഞ്ഞയാഴ്ച വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മോഷണവും ശ്രമവും നടന്നിരുന്നു. കാലവർഷം ആരംഭിക്കുന്നതോടെ തമിഴ്നാട്ടിൽനിന്നുമെത്തുന്നവരാണ് മോഷണം നടത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
രാത്രികാലത്ത് ജനങ്ങളുടെ സഞ്ചാരം കുറവും നല്ല ഉറക്കത്തിലാകുമെന്നതുമാണ് കവർച്ചനടത്തുന്നവർക്ക് ഗുണകരമാകുന്നത്. ഈ സാഹചര്യത്തിൽ ആലംകടവ്, അഞ്ചാംമൈൽ റോഡിൽ രാത്രികാല പട്രോളിംഗ് ഉൗർജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.