കോഴിക്കോട്: കാലവർഷക്കെടുതി നിരീക്ഷിക്കാൻ ജില്ലയിലെത്തിയ കേന്ദ്ര സംഘം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഹൈദരാബാദ് ഡിഒഡി ഡയറക്ടർ ഇൻ ചാർജ് ബി. കെ .ശ്രീവാസ്തവ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായ കൈതപ്പൊയിൽ കണ്ണപ്പൻകുണ്ട് മേഖലയിലടക്കം സന്ദർശനം നടത്തിയത്.
സെൻട്രൽ ഇലക്ട്രിസിറ്റി അഥോറിറ്റി ഡപ്യൂട്ടി ഡയറക്ടർ നർസി റാം മീണ, ഉപരിതല ഗതാഗത മന്ത്രാലയം റീജണൽ ഓഫീസർ വി. വി. ശാസ്ത്രി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഉരുൾപൊട്ടി 14 പേർ മരിച്ച കരിഞ്ചോല മല , ഇന്നലെ ഉരുൾപൊട്ടലുണ്ടായ കണ്ണപ്പൻകുണ്ട് ,മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട വയനാട് ചുരം, കോടഞ്ചേരി, തിരുവന്പാടി-കോടഞ്ചേരി അതിർത്തിയിലെ എലന്തുകടവ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
കെടുതികൾ അതീവ ഗൗരവമുള്ളതാണെന്നും സാമ്പത്തിക സഹായത്തിനാവശ്യമായ റിപ്പോർട്ട് നൽകുമെന്നും സംഘത്തിന് നേതൃത്വം നൽകുന്ന ബി .കെ. ശ്രീവാസ്തവ ഉറപ്പുനൽകി.
എംഎൽഏമാരായ ജോർജ്. എം .തോമസ്, പുരുഷൻ കടലുണ്ടി, കാരാട്ട് റസാഖ്, എന്നിവർ വിവിധയിടങ്ങളിൽ സംഘവുമായി ചർച്ച നടത്തി.ഡപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം)റംല , താമരശേരി തഹസിൽദാർ മുഹമ്മദ് റഫീഖ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സംഘത്തെ അനുഗമിച്ചു.