ഷൊർണൂർ: കാലവർഷം മുതലെടുക്കാൻ അന്തർസംസ്ഥാന മോഷ്ടാക്കൾ ജില്ലയിൽ എത്തിയതായി സൂചന. പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കാലവർഷം ശക്തമായി തുടരുന്നതിനിടെ മോഷണവും കവർച്ചയും വ്യാപകമാകാൻ സാധ്യത ഏറെയാണ്. ഇതിനിടെ തമിഴ്നാട്ടിൽനിന്നുള്ള തിരുട്ടുസംഘങ്ങൾ ജില്ലയിൽ എത്തിതായും പോലീസ് സംശയിക്കുന്നു. കഴിഞ്ഞദിവസം ഒറ്റപ്പാലത്ത് നാലിടത്താണ് മോഷണം നടന്നത്.
ഒറ്റപ്പാലത്ത് വീട്ടിലും വാണിയംകുളത്ത് ക്ഷേത്രങ്ങളിലും അന്പലപ്പാറയിൽ കാറിലെത്തിയ സംഘവുമാണ് മോഷണം നടത്തിയത്. പാലപ്പുറത്ത് എക്സൈസിൽനിന്നു വിരമിച്ച ബാപ്പുട്ടിയുടെ വീട്ടിൽ വാതിൽ കുത്തിപൊളിച്ച് ലാപ്ടോപ്, ടാബുകൾ, യുഎഇ ദിർഹം എന്നിവ കവർന്നു. വിവാഹത്തിനുപോയി രാത്രിയിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
വാണിയംകുളം പുലാച്ചിത്തറ കിള്ളിക്കാവ് ക്ഷേത്രത്തിന്റെ ഓഫീസ് പൊളിച്ചാണ് മോഷണം നടന്നത്. സ്വർണതാലികളും പണവുമാണ് മോഷണംപോയത്. പുലാച്ചിത്തറ അയ്യപ്പക്ഷേത്രത്തിന്റെ ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം നടന്നു. അന്പലപ്പാറ ചെറുമുണ്ടശേരി ശ്രീരാഗംവീട്ടിൽ ശാരദാമ്മയുടെ (82) മാലയാണ് കാറിലെത്തിയ സംഘം പൊട്ടിച്ചു കടന്നുകളഞ്ഞത്.
ഇവർ വീടിനു പുറത്തുനില്ക്കുന്പോൾ കാറിലെത്തിയ സംഘം രണ്ടരപവൻ തൂക്കംവരുന്ന മാല അപഹരിച്ചു കടന്നുകളയുകയായിരുന്നു. അതേസമയം ബൈക്കിലെത്തി വഴിചോദിച്ചു മാല പൊട്ടിച്ചു കടക്കുന്ന സംഘങ്ങളും വ്യാപകമായിരിക്കുകയാണ്. കനത്ത കാലവർഷം മാറ്റമില്ലാതെ തുടരവേ മോഷണവും കവർച്ചയും വ്യാപകമാകാനുള്ള സാഹചര്യമാണുള്ളത്.
അന്യസംസ്ഥാനക്കാരായ മോഷ്ടാക്കൾ ജില്ലയിൽ എത്തിയതായും ഇവർക്കെതിരേ ജാഗ്രത പാലിക്കണമെന്നുമാണ് പോലീസ് നല്കന്ന മുന്നറിയിപ്പ്.രാത്രികാലങ്ങളിൽ ലൈറ്റുകൾ ഓഫ് ചെയ്യാതിരിക്കുന്നതാണ് അഭികാമ്യം. കഴിയുന്നതും വീടുമാറി നില്ക്കുന്ന സാഹചര്യവും ഒഴിവാക്കണം.
അപരിചിതരായവരെ കഴിയുന്നതും വീട്ടിൽ പ്രവേശിക്കാൻ അവസരം നല്കാതിരിക്കുക, അപരിചിതരായവരെയും മുൻപരിചയമില്ലാത്തവരെയും വീട്ടുജോലികൾക്കായി നിയോഗിക്കാതിരിക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള മുന്നറിയിപ്പുകളാണ് പോലീസ് മുന്നോട്ടുവയ്ക്കുന്നത്. വർഷക്കാലം കർച്ചക്കാരുടെ ആഹ്ലാദകാലമാണ്. സുഖമായി മോഷണം നടത്താനുള്ള സാഹചര്യം ഒരുങ്ങുമെന്നതിനാലാണിത്.