കോട്ടയം: മഴക്കാലം ആരംഭിച്ചതോടെ കള്ളൻമാരുടെ ശല്യവും വർധിച്ചു. രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ പത്തിലേറെ വീടുകളിൽ മോഷണം നടന്നു. ഇതിൽ നീറിക്കാട്ടെ മോഷണം ഒഴിച്ച് ബാക്കിയുള്ള കേസിൽ പ്രതികളെ കണ്ടെത്താനാകാതെ കുഴയുകയാണ് പോലീസ്. പൂവൻതുരുത്ത് പ്ലാമ്മൂട്ടിൽ വീടിനുള്ളിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിക്കുകയും, അഞ്ചിലേറെ വീടുകളിൽ മോഷണശ്രമം നടത്തുകയും ചെയ്തതാണ് ഒടുവിലുണ്ടായ സംഭവം. പ്രഫഷണൽ കള്ളനാണ് ഇവിടെ കവർച്ച നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.
കഴിഞ്ഞ ദിവസം രാത്രിയിൽ പൂവൻതുരുത്ത് പ്ലാമ്മൂട് കട്ടയിൽകളത്തിൽ റെജിയുടെ ഭാര്യ ത്രേസ്യാമ്മ (മിനി)യുടെ കഴുത്തിൽകിടന്ന അഞ്ചു പവന്റെ മാലയും ഇവരുടെ അടുക്കളയിലിരുന്ന മിക്സിയും ജാറും കവർച്ച ചെയ്തവരെക്കുറിച്ച് ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. റെജിയും ഭാര്യയും മൂന്നു കുട്ടികളുമാണ് വീട്ടിൽ താമസിക്കുന്നത്. റെജിയുടെ വീടിന്റെ അടുക്കള ഭാഗത്തെ സ്റ്റെയർകേസിലൂടെയാണു മോഷ്ടാവ് വീടിന്റെ മേൽക്കൂരയിൽ കയറിയതെന്നു പോലീസ് പറഞ്ഞു.
മേൽക്കൂരയിലെ ആറ് ഓട് ഇളക്കിമാറ്റി വിടവുണ്ടാക്കിയ ശേഷം ഇതിലൂടെ അകത്തു കയറുകയായിരുന്നു. സംഭവം അറിഞ്ഞ് ഡിവൈഎസ്പി സഖറിയ മാത്യു, സിഐ അനീഷ് വി. കോര, എസ് ഐ യു. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ ഈസ്റ്റ് പോലീസ് കേസെടുത്തു.
ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തിത്താനത്തും മോഷണശ്രമം നടന്നിട്ടുണ്ട്.
വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ മോഷ്ടിക്കാൻ ശ്രമിച്ചു. വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. പ്രദേശത്തെ നാലു വീടുകളിലും മോഷണശ്രമമുണ്ടായി. മലകുന്നം ഐക്കര രാജിഭവനിൽ രാജീവ് കുമാറിന്റെ വീടിന്റെ പോർച്ചിൽ വച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ പൂട്ട് പൊളിച്ചു മാറ്റിയ നിലയിലായിരുന്നു. കേബിളുകൾ വലിച്ചു പൊട്ടിച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്യാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്.
ചില വീടുകളുടെ ജനാല ചില്ലുകൾ തകർക്കാനും ശ്രമമുണ്ടായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം വീട്ടുകാർ ഉണർന്നതിനെ തുടർന്നാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്.കോട്ടയം നഗരത്തിലെ ഒരു മൊബൈൽഫോണ് ഷോപ്പിൽ നിന്ന് ഒരു ഫോണ് കവർച്ച ചെയ്യുകയും മറ്റു ചില കടകളിൽ മോഷണ ശ്രമം നടത്തുകയും ചെയ്ത പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതിയെക്കുറിച്ച് സൂചനയില്ല. ചന്തക്കടവിൽ വീട്ടിലെത്തിയ മോഷ്ടാവിനെക്കുറിച്ചും സൂചനയില്ല. ഇയാളുടെയും സിസിടിവി ദൃശ്യം ലഭിച്ചിരുന്നു.