തൃശൂർ: ഡാമുകൾ തുറക്കുന്നതിനു 36 മണിക്കൂർ മുന്പ് കെഎസ്ഇബിയും ജലസേചന വകുപ്പും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയെ അറിയിച്ച് അനുമതി തേടണമെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ അറിയിച്ചു. മഴക്കാല മുന്നൊരുക്കങ്ങൾ വിലയിരുത്താനുള്ള ജില്ലാതല അവലോകന യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.
ജില്ലയിലെ ഡാമുകളിൽനിന്നു വെള്ളം ഒഴുകിപ്പോവുന്ന വഴിയിലുള്ള ഗ്രാമപഞ്ചായത്തുകളും വില്ലേജുകളും ഏതൊക്കെയാണെന്നും ഡാമുകളിലെ ജലനിരപ്പിന്റെ മുന്നറിയിപ്പു നിലയും ജൂണ് പത്തിനു മുന്പ് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയെ അറിയിക്കണം.
തേക്ക്, ഈട്ടി, കരിമരം, ചന്ദനം എന്നിവയൊഴികെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്കു തീരുമാനമെടുക്കാവുന്നതാണെന്നു കളക്ടർ അറിയിച്ചു. റോഡരികിലെ അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാൻ പൊതുമരാമത്തു വകുപ്പും സർക്കാർ ഓഫീസ് വളപ്പുകളിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ സർക്കാർ വകുപ്പുകളും നടപടി സ്വീകരിക്കണം.
വൈദ്യുതി ലൈനുകൾക്കു മുകളിലുള്ള മരക്കൊന്പുകൾ കെഎസ്ഇബി മുറിച്ചുമാറ്റണം.വെള്ളപ്പൊക്ക സാധ്യതയോ കടലാക്രമണ സാധ്യതയോ ഉള്ള സ്ഥലങ്ങളിൽ അഭയകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി മുൻകരുതലെടുക്കാൻ റവന്യു അധികൃതർക്കു നിർദേശം നൽകി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപത്തെ വെള്ളക്കെട്ടുകൾ, വെള്ളം കവിഞ്ഞൊഴുകുന്ന സ്ഥലങ്ങൾ എന്നിവ ശ്രദ്ധിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിനു നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങൾ തൊഴിലുറപ്പുപദ്ധതി പ്രയോജനപ്പെടുത്തി മഴക്കുഴികൾ പോലുള്ള ജലസംഭരണ പരിപാടികൾക്കായി ഫണ്ട് നീക്കിവയ്ക്കാൻ കളക്ടർ നിർദേശിച്ചു.
പാതയോരങ്ങളിലെ അപകടസാധ്യതയുള്ള ബോർഡുകൾ നീക്കാൻ നിർദേശിച്ചു. പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങൾ നീക്കാൻ നടപടികൾ ഉൗർജിതമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്കു നിർദേശം നൽകി. കടൽഭിത്തികളിൽ വിള്ളലുള്ള സ്ഥലങ്ങളിൽ അടിയന്തരമായി മണൽച്ചാക്കുകൾ സ്ഥാപിക്കാൻ ജലസേചന വകുപ്പിനു നിർദേശം നൽകി.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ ഓരോ ഡെപ്യൂട്ടി കളക്ടർമാർക്ക് ഓരോ താലൂക്കുകളുടെ ചുമതല നൽകി. കളക്ടറേറ്റിൽ 24 മണിക്കൂറും കണ്ട്രോൾ റൂമും തുറന്നിട്ടുണ്ട്. ഫോണ്: 04872 362424, 9447074424.
അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റണം
തൃശൂർ: സ്വകാര്യ ഭൂമിയിലുളള അപകടകരമായ മരങ്ങളും ചില്ലകളും ഉടമസ്ഥർതന്നെ മുറിച്ചുമാറ്റി സുരക്ഷ ഉറപ്പു വരുത്തണമെന്നു ജില്ലാ കളക്ടർ അറിയിച്ചു. നിർദേശം പാലിക്കാത്ത വ്യക്തികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കുമായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടപരിഹാരം നല്കാനു ള്ള ബാധ്യതയെന്നും കളക്ടർ അറിയിച്ചു.