കൊച്ചി: ട്രോളിംഗ് നിരോധനം വന്നതിനു പിന്നാലെ പച്ചക്കറി വിലയും മേലോട്ട്. ആവശ്യക്കാരുടെ എണ്ണം കൂടിയതും തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതും വിലക്കയറ്റത്തിന് ആക്കംകൂട്ടുന്നു. എറണാകുളം മാർക്കറ്റിൽ കഴിഞ്ഞ കുറേ നാളുകളായി തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞ നിലയിലാണെന്നു വ്യാപാരികൾ പറയുന്നു. പയർ ആവശ്യാനുസരണം ലഭിക്കുന്നത് ഒഴിച്ചാൽ മറ്റ് പച്ചക്കറികളുടെ വരവ് കുറഞ്ഞു.
ചുട്ടുപൊള്ളുന്ന വെയിലിൽ തമിഴ്നാട്ടിലെ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതാകാം അവിടെനിന്നുള്ള വരവ് കുറയുന്നതിനു കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ കൂടുതൽപേർ പച്ചക്കറികളിലേക്കു തിരിഞ്ഞിട്ടുണ്ട്. ആവശ്യക്കാരുടെ എണ്ണം വർധിക്കുകയും വരവ് കുറയുകയും ചെയ്ത സാഹചര്യത്തിലാണ് പച്ചക്കറിവില വർധിച്ചതെന്നാണ് വ്യാപാരികളുടെ ഭാഷ്യം.
ചില്ലറ വ്യാപാരമേഖലയിൽ പലതിനും ഒരാഴ്ചയ്ക്കിടെ അഞ്ചു മുതൽ 10 രൂപയുടെ വരെ വില വ്യത്യാസമാണ് ഉണ്ടായിട്ടുള്ളത്. ബീൻസ്, പച്ചമുളക്, തക്കാളി, വെണ്ടയ്ക്ക, കാരറ്റ്, പാവക്ക തുടങ്ങിയവയ്ക്കൊക്കെ വില വർധിച്ചു.
ബീൻസിനാണ് വില വർധന കൂടുതൽ. എറണാകുളം മാർക്കറ്റിൽ മൊത്തവിൽപ്പന 100 മുതൽ 105 രൂപയ്ക്കുവരെയാണെങ്കിൽ ചില്ലറ വിൽപ്പന പലയിടത്തും 120 രൂപയ്ക്ക് മുകളിലാണ്.
എറണാകുളം നഗരത്തിനു പുറത്ത് വീണ്ടും വില കൂടും. 140 രൂപവരെ ബീൻസിന് ഈടാക്കുന്ന വ്യാപാരികളുണ്ട് ജില്ലയിൽ. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പയറിനുമാത്രം വലിയ വിലവ്യത്യാസമില്ല. ഒന്നാംതരം പയറിന് കിലോയ്ക്ക് 30 രൂപയും രണ്ടാംതരത്തിന് 20 രൂപയുമാണ് വില. വെണ്ടയ്ക്ക 50 രൂപയിലേക്ക് കയറിയപ്പോൾ കാരറ്റ് വില 60 രൂപയായി. കഴിഞ്ഞ ദിവസങ്ങഴിൽവരെ 20 രൂപയ്ക്ക് താഴെ ലഭിക്കുമായിരുന്ന സവോള വില 23 രൂപയായി ഉയർന്നു.
തക്കാളിയ്ക്ക് 40 രൂപയും പച്ചമുളകിന് 60 രൂപയും പടച്ചി ഇനം പച്ചക്കായയ്ക്ക് 30 രൂപയുമാണ് വില. പാവയ്ക്ക വിലയും ഉപഭോക്താക്കൾക്ക് കയ്ക്കും. ഒന്നാംതരം പാവക്കയ്ക്ക് 60 രൂപയായപ്പോൾ രണ്ടാംതരത്തിന് 40 രൂപയായും വില ഉയർന്നു. ചേന വിലയും വർധിക്കുകയാണ്. നാടൻ ചേനയ്ക്ക് 40 രൂപയും മറുനാടന് 30 രൂപയുമാണ് എറണാകുളം മാർക്കറ്റിലെ വില.
ബീറ്റ്റൂട്ട് വില 40 രൂപയായപ്പോൾ ഉരുളക്കിഴങ്ങ്, വഴുതനങ്ങ എന്നിവയ്ക്ക് 30 രൂപയുമാണു വില. കാലവർഷം ആരംഭിച്ചെങ്കിലും ചെറുനാരങ്ങ വിലയും മുന്നോട്ടുതന്നെയാണ്. കിലോയ്ക്ക് 100 രൂപയാണ് എറണാകുളം മാർക്കറ്റിലെ ചെറുനാരങ്ങയുടെ ഇന്നലത്തെ ചില്ലറ വില. നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പച്ചക്കറി വില വർധിക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.