തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം. തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ രൂക്ഷമായ കടലാക്രമണത്തിലും വ്യാപക നാശമുണ്ട്. എറാണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. മലപ്പുറം ചങ്ങരംകുളത്തും പൊന്നാനിയിലും ശക്തമായ കാറ്റിൽ വ്യാപക കൃഷിനാശമുണ്ടായി.
മരങ്ങൾ പിഴുതുവീണതിനെത്തുടർന്നു റോഡ് ഗതാഗതവും പലേടത്തും തടസപ്പെട്ടു. കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്നു പാലാ-ഈരാറ്റുപേട്ട റോഡിൽ ഗതാഗതം നിരോധിച്ചു.
പലയിടങ്ങളിലും ട്രെയിനുകൾ നാല് മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. സ്റ്റേഷനുകളിൽ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. അതിനിടെ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന്റെ മുകളിലേക്ക് മരം വീണു.
കനത്ത മഴയെ തുടർന്നു മഹാത്മാഗാന്ധി സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരുന്നു.