പാലക്കാട് : കാലവർഷക്കെടുതി ബാധിച്ച കുടുംബങ്ങളെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മതിയായ സഹായം നൽകുന്നതിൽ നിന്ന് ഒഴിവാക്കരുതെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ജില്ലയിലെ കാലവർഷ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വടക്കഞ്ചേരി റസ്റ്റ്ഹൗസിൽ നടത്തിയ ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൻപത് ശതമാനത്തിലേറെ തകർന്ന വീടുകൾക്ക് പൂർണ്ണമായി തകർന്ന വീടെന്ന പരിഗണന നൽകുന്നത് ആലോചിക്കണം. അകത്തേത്തറ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്ക് ഇത്തരം ഒരു അവസ്ഥ ഇനി ഉണ്ടാവാതിരിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാവണം. കൽപ്പാത്തി പുഴ കരകവിയുന്നതും വീടുകളിൽ വെള്ളം കയറുന്നതും ഒഴിവാക്കാൻ പുഴഭിത്തി നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കാൻ മന്ത്രി നിർദേശിച്ചു.
എം.എൽ.എ ഫണ്ട്, റിവർ മാനേജ്മെന്റ് ഫണ്ട് എന്നിവ ലഭ്യമാക്കി പ്രോജക്റ്റ് തയ്യാറാക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു. ദുരിതബാധിതർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുവെക്കാൻ സഹായിക്കും. റേഷൻ വിതരണത്തിൽ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവായ ദുരിതബാധിത പ്രദേശത്തെ കുടുംബങ്ങളെ സഹായിക്കാൻ മന്ത്രി സിവിൽ സപ്ലെസ് വകുപ്പിന് നിർദേശം നൽകി.
ആലത്തൂരിലെ മലമല മുക്കിൽ പഞ്ചായത്തും കൃഷിക്കാരും ചേർന്ന് നടത്തിയ തരിശ് ഭൂമിയിലെ കൃഷി പൂർണ്ണമായും വെള്ളം കയറി തകർന്നത് പരിഹരിക്കാൻ ഡ്രെയിനേജ് പ്രൊട്ടക്ഷൻ സ്കീം പ്രയോജനപ്പെടുത്തും. പദ്ധതിക്കായി അടിയന്തിര പ്രോജക്റ്റ് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. 250 ഏക്കർ നെൽകൃഷിയാണ് ഇതിലൂടെ സംരക്ഷിക്കാൻ കഴിയുക. കൃഷിമന്ത്രിയുമായി സംസാരിച്ച് ഇതിന് പരിഹാരം തേടും. പുഴയിൽ വീണ് മരിച്ച കാഞ്ഞിക്കുളം സ്വദേശി ശശികുമാർ, പുതുശ്ശേരിയിലെ സന്തോഷ് എന്നിവരുടെ കുടുംബങ്ങൾക്കും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചയുടൻ ബാക്കി സാന്പത്തിക സഹായം നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി കാണാതായ ഷൊർണ്ണൂർ സ്വദേശി ജയകുമാറിനെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് ഗൗരവമായി കാണണണമെന്നും മന്ത്രി ഓർമിപ്പിച്ചു. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നും ജില്ലക്ക് രണ്ടുകോടി പത്തുലക്ഷത്തി അറുപത്തൊന്നായിരം രൂപ കിട്ടിയതായി ജില്ലാകളക്ടർ അറിയിച്ചു. ഒരുകോടി എഴുപത്തഞ്ച് ലക്ഷം രൂപ ദുരന്ത നിവാരണത്തിന് വിതരണം ചെയ്തുകഴിഞ്ഞു.
ജില്ലയിൽ ഇതുവരെ 1004.17 മില്ലി മീറ്റർ മഴ ലഭിച്ചു. 12 വീടുകൾ പൂർണ്ണമായും 404 വീടുകൾ ഭാഗികമായും തകർന്നു. ഒരുകോടി രണ്ട് ലക്ഷത്തി പതിനാലായിരത്തി അറുന്നൂറ്റന്പത് രൂപയുടെ നഷ്ടമുണ്ടായി. ഇന്ന് സീതാ ർകുണ്ടിൽ കാണാതായ ആഷിക് ഉൾപ്പെടെ നാലുപേർ ഇതുവരെ ജില്ലയിൽ മരിച്ചു. മഴക്കെടുതിയിൽ ജില്ലയുടെ ആകെ നഷ്ടം പതിനേഴ് കോടി പതിനാറുലക്ഷത്തി ഒന്പതിനായിരത്തി ഇരുന്നൂറ്റി പതിനാറ് രൂപയാണ്.<br> പതിനൊന്നു കോടി അന്പത്തിയാറ് ലക്ഷമാണ് കാർഷിക മേഖലയിലെ നഷ്ടം. 1486 ഹെക്റ്റർ കൃഷിയാണ് നശിച്ചത്. റോഡുകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിന് നഷ്ടം മൂന്നു കോടി ഏഴുലക്ഷത്തി അന്പത്തിഅയ്യായിരം രൂപ.
സർക്കാർ കെട്ടിടങ്ങൾ 12 ലക്ഷം, കെ.എസ്.ഇ.ബി ഒരുകോടി അന്പത്തിമൂന്ന് ലക്ഷം, മൃഗസംരക്ഷണ വകുപ്പ് 3.6 ലക്ഷം എന്നിങ്ങനെയാണ് നഷ്ടം. <br> ആരോഗ്യരംഗത്ത് പകർച്ചവ്യാധികൾ നിയന്ത്രണവിധേയമാണെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. 166 ഡെങ്കി കേസുകൾ സ്ഥിരീകരിച്ചു. 918 പേർക്ക് രോഗമുണ്ടെന്ന് സംശയിക്കുന്നു. ഇതിൽ ഏഴുപേർ മരിച്ചു.
മലന്പുഴ ഡാമിന്റെ പൂർണ്ണ സംഭരണ ശേഷിക്ക് മൂന്ന് മീറ്റർ കുറവാണ് നിലവിലെ ജലനിരപ്പ്. പോത്തുണ്ടി ഡാ മിൽ 101.118 മീറ്ററാണ് ജലനിരപ്പ്. 108.204 ആണ് സംഭരണ ശേഷി. മംഗലം ഡാമിൽ 70.1 മീറ്ററാണ് ഇന്നത്തെ ജലനിരപ്പ്. ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിട്ടുണ്ട്. അതേസമയം മീങ്കര, ചുള്ളിയാർ, വാളയാർ ഡാമുകളിൽ അന്പത് ശതമാനത്തിൽ താഴെയാണ് ജലനിരപ്പ്. റവന്യൂ, ആരോഗ്യം, പൊതുമരാമത്ത്, എസ്.സി-എസ്.ടി, വൈദ്യുതി, കൃഷി, ഭക്ഷ്യ-സിവിൽസപ്ലെസ്, തുടങ്ങി വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്ത അവലോകന യോഗത്തിൽ മന്ത്രി സംതൃപ്തി അറിയിച്ചു.
ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയില്ലെന്നറിയിച്ച മന്ത്രി തുടർപ്രവർത്തനങ്ങളിലും ഭരണ സംവിധാനത്തെ കാര്യക്ഷമമായി ഇടപെടുവിക്കുമെന്നും പറഞ്ഞു. ജില്ലാ കളക്ടർ ഡി. ബാലമുരളി, ആർ.ഡി.ഒ വിജയൻ എന്നിവരും പങ്കെടുത്തു. രാവിലെ പാലക്കയത്ത് ഉരുൾപൊട്ടലുണ്ടായ പായപ്പുല്ലിലെ സന്ദർശനത്തോടെയാണ് മന്ത്രിയുടെ മഴക്കെടുതി പ്രദേശങ്ങളിലെ സന്ദർശനത്തിന് തുടക്കമായത്. വീട് പൂർണ്ണമായും തകർന്ന കുര്യാക്കോസ് തടത്തിൽ, ഭാഗികമായി തകർന്ന അന്നമ്മ തടത്തിൽ എന്നിവരെ മന്ത്രി നേരിൽക്കണ്ടു. വീടുകൾക്ക് പുറമെ 20 ഏക്കറോളം കൃഷിയും പ്രദേശത്ത് നശിച്ചിട്ടുണ്ട്.
കെ.വി. വിജയദാസ് എം.എൽ.എയും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. തുടർന്ന് പാലക്കയത്തെ തോട്ടിൽ ഒഴുക്കിൽപ്പെട്ടു മരിച്ച ശശികുമാറിന്റെ കാഞ്ഞിക്കുളത്തെ വീട്ടിലെത്തി സഹോദരങ്ങളായ സേതുമാധവൻ, മാധവൻ കുട്ടി, പാർവതി കുട്ടി എന്നിവരെ കണ്ടു. പിന്നീട് കൽപ്പാത്തി പുഴ കരകവിഞ്ഞു ഒഴുകിയതിനെതുടന്ന് അകത്തേത്തറയിലെ വിശ്വനാഥൻ കോളനിയിലെ ദുരിതാശ്വാസ ക്യാന്പിൽ താമസിക്കുന്നവരെ കണ്ട് സ്ഥിതിഗതികൾ മനസിലാക്കി.
തുടർന്നായിരുന്നു പുതുശേരി കോരയാർ രണ്ടാംപുഴയിൽ ഒഴുക്കിൽപ്പെട്ടു മരിച്ച സന്തോഷിന്റെ വീട്ടിലെത്തി അമ്മയെയും സഹോദരങ്ങളെയും കണ്ടത്. പിന്നീട് ആലത്തൂരിലെ മലമല മുക്കിലെ വെള്ളം കയറി നശിച്ച പാടശേഖരങ്ങൾ സന്ദർശിച്ചു. കെ.ഡി. പ്രസേനൻ എം.എൽ.എ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ എന്നിവരും അനുഗമിച്ചു. വടക്കഞ്ചേരി കിഴക്കഞ്ചേരിയിൽ ഷോക്കേറ്റ് മരിച്ച അച്ഛന്റെയും മകന്റെയും കുടുംബത്തിന് ആവശ്യമായ സഹായം ലഭിക്കുന്ന തരത്തിൽ ഇടപെടാൻ മന്ത്രി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.