പരിയാരം: പ്രകൃതിയൊരുക്കിയ മഴവെള്ള സംഭരണിയില്‍ കടുത്ത വേനലിലും വെള്ളം സുലഭം. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കാരക്കുണ്ടിലാണ് ഒരേക്കറിലധികം വിസ്തീര്‍ണ്ണത്തില്‍ പാറക്കുളം നിറഞ്ഞുനില്ക്കുന്നത്. വര്‍ഷങ്ങളായി ചുട്ടുപഴുത്ത വേനലിലും ഈ പാറക്കുളത്തില്‍ വെള്ളം വറ്റാതെ നിലനില്ക്കുന്നു.
പക്ഷികളും കന്നുകാലികളും കൂടാതെ പാമ്പുകള്‍ പോലും പാറക്കുളത്തിന്റെ പരിസരത്തു സജീവമാണ്. ആളുകള്‍ കുളിക്കാനും പശുക്കളെ കുളിപ്പിക്കാനും വാഹനങ്ങള്‍ കഴുകാനും ഇവിടെയുള്ള വെള്ളം യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. വിശാലമായ ഈ കരിമ്പാറ പ്രദേശത്തു വേറെയൊരു സ്ഥലത്തും വെള്ളം ലഭ്യമല്ല. സമീപത്തെ കൃഷിയിടങ്ങളിലേക്കു പോലും ഇവിടെനിന്നു പൈപ്പുകളിട്ടു വെള്ളം കൊണ്ടുപോകുന്നുണ്ട്.
റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള മിച്ചഭൂമിയാണ് ഇവിടെയുള്ള ആയിരക്കണക്കിന് ഏക്കര്‍ പ്രദേശം. പാറയില്‍ ചാല് നിര്‍മിച്ചും ഇവിടെ നിന്നു വെള്ളം പലരും ഒഴുക്കിക്കൊണ്ടുപോകുന്നുണ്ട്. പാറക്കുളത്തിന്റെ സമീപപ്രദേശങ്ങളില്‍ വ്യാപകമായി ചെങ്കല്‍ ഖനനം നടക്കുന്നതും കുളത്തിനു ഭീഷണിയാണ്.
കാരക്കുണ്ട് പ്രദേശത്തു പ്രകൃതിയൊരുക്കിയ പതിനഞ്ചിലേറെ പാറക്കുളങ്ങള്‍ ഉണ്ടായിരുന്നതായി പരിസരവാസികള്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഈയൊരെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. വൈകുന്നേരങ്ങളില്‍ സംഘം ചേര്‍ന്നെത്തുന്ന പലരും ഇവിടെവച്ചു മദ്യപിച്ചു കുപ്പികള്‍ കുളത്തിലേക്ക് എറിയുന്നതു കുളിക്കാനെത്തുന്നവര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നുണ്ട്.
ഇത് കൂടാതെ വീഡിയോ ചിത്രീകരണത്തിനെത്തുന്നവരും ഷോര്‍ട്ട്ഫിലിം ഷൂട്ടിങ്ങിനെത്തുന്നവരും പ്രദേശത്തു മാലിന്യം നിക്ഷേപിക്കുന്നതും ഭീഷണിയാണെന്നു നാട്ടുകാര്‍ പറയുന്നു. അപൂര്‍വ പ്രതിഭാസമായ കാരക്കുണ്ട് പാറക്കുളം സംരക്ഷിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍തലത്തില്‍ നടപടിവേണമെന്നു നാട്ടുകാര്‍ അവശ്യപ്പെടുന്നുണ്ട്.