തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വീണ്ടും വെള്ളപ്പൊക്ക ഭീഷണി.
തെക്കൻ കേരളത്തിലാണു കൂടുതൽ ദുരിതം. രണ്ടു ദിവസം കൂടി അതിശക്തമായ മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം.
ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു തിരുവനന്തപുരം – നാഗർകോവിൽ പാതയിൽ ട്രെയിൻ ഗതാഗതം പൂർണമായി തടസപ്പെട്ടു.
നാഗർകോവിലിൽ ബണ്ട് തകർന്ന് ട്രാക്കിലൂടെ വെള്ളം ഒഴുകുകയാണ്. ഇതുമൂലം ഗതാഗതം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുക്കും.
നെയ്യാറ്റിൻകരയിൽ ദേശീയപാതയിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു. തിരുവനന്തപുരത്ത് മലയോര മേഖലയിൽ ശക്തമായ പെയ്ത്തു തുടരുകയാണ്.
ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. പേപ്പാറ, നെയ്യാർ, അരുവിക്കര ഡാമുകൾ തുറന്നുവിട്ടു. ഇതേത്തുടർന്നു നദികളിൽ ജലനിരപ്പ് ഉയർന്നു.
തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും താത്കാലികമായി നിരോധിച്ചു.
കൊല്ലം ജില്ലയിലും ഇന്നലെ പുലർച്ചെ മുതൽ ശക്തമായ മഴയാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലാണു മഴ ശക്തമായത്. ഇത്തിക്കരയാറും കല്ലടയാറും കരകവിഞ്ഞു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.