സ്വന്തം ലേഖകൻ
തിരുവനന്തപുരം: കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്നു സംസ്ഥാനത്തു വ്യാപക നാശനഷ്ടം. ഉരുൾപൊട്ടൽ അടക്കമുള്ള കെടുതികളിൽ സംസ്ഥാനത്ത് ഇന്നലെ ഏഴു പേർ മരിച്ചു.
ചെറിയ അണക്കെട്ടുകൾകൂടി തുറന്നതോടെ നദികൾ പലതും കരകവിഞ്ഞൊഴുകുകയാണ്. ചില വൻകിട അണക്കെട്ടുകളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. മത്സ്യബന്ധനത്തിനും അടുത്ത രണ്ടു ദിവസം നിരോധനം ഏർപ്പെടുത്തി. മഴക്കെടുതിയെത്തുടർന്നു സംസ്ഥാനത്താകെ ഇന്നലെ മാത്രം നൂറിലേറെ വീടുകൾ തകർന്നു.
ജൂലൈ 31 മുതൽ ഇന്നലെ വരെ സംസ്ഥാനത്താകെ 13 പേർ മഴക്കെടുതിയിൽ മരിച്ചു. കണ്ണൂർ കണിച്ചാർ വില്ലേജിലെ പുളക്കുറ്റി, വെള്ളറ, നെടുപുറംചാൽ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ടര വയസുകാരി അടക്കം നാലു പേർ മരിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി- ഓരോരുത്തർ വീതവും മരിച്ചു.
ഇന്നലെ മാത്രം 24 വീടുകൾ പൂർണമായും 80 വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സംസ്ഥാനത്തു തകർന്ന വീടുകളുടെ എണ്ണം 130 ആയി.
ഉരുൾപൊട്ടൽ ദുരന്തം നേരിട്ട കണ്ണൂർ ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ വീടുകൾ പൂർണമായി തകർന്നത്- 20.
സംസ്ഥാനത്താകെ 99 ദുരിതാശ്വാസ ക്യാന്പുകളിലായി 2300 പേരെ മാറ്റിപ്പാർപ്പിച്ചു. കോട്ടയത്താണു ദുരിതാശ്വാസ ക്യാന്പുകൾ കൂടുതൽ തുറന്നത്.
ഇവിടെ 22 ക്യാന്പുകളിലായി 450 പേരെ മാറ്റിപ്പാർപ്പിച്ചു. തൃശൂരിൽ 15 ക്യാന്പുകളിലായി 657 പേരെ മാറ്റിപ്പാർപ്പിച്ചു.
ദേശീയദുരന്ത നിവാരണ സേനയുടെ ഒൻപതു ടീമുകളെ വിവിധ ജില്ലകളിലായി രക്ഷാപ്രവർത്തനത്തിനു നിയോഗിച്ചു. കരസേനയുടെ ടീമും ഡിഎസ്സിയുടെ രണ്ടു സംഘവും സംസ്ഥാനത്തുണ്ട്.
തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലാണു കരസേനാ സംഘത്തെ നിയോഗിച്ചത്. ദേശീയ ദുരന്തനിവാരണ സേനയെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണു വിന്യസിച്ചത്.
കോടികളുടെ കൃഷിനാശമാണു സംസ്ഥാന വ്യാപകമായുണ്ടായത്. വിനോദസഞ്ചാരകേന്ദ്രങ്ങളും പൂർണമായി അടച്ചു. പാലക്കാട് ജില്ലയിലെ നെല്ലിയാന്പതിയിലും പറന്പിക്കുളത്തും വിനോദയാത്ര പൂർണമായി നിരോധിച്ചു.
മറ്റു ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസംതന്നെ അടച്ചിരുന്നു. ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന ശബരിമല തീർഥാടകർ കടുത്ത ജാഗ്രത പുലർത്തണം.
പന്പയിൽ കുളിക്കാൻ അനുവദിക്കില്ല. നിറപുത്തരി ഉത്സവത്തിനായി ശബരിമല നട ഇന്നാണു തുറക്കുക.
10 ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്; വടക്കൻ ജില്ലകളിൽ അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിൽ ഇന്നും നാളെയും അതിതീവ്ര മഴ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണു റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ കടുത്ത ജാഗ്രത പുലർത്തണം. 24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്ര മഴ എന്നതു കൊണ്ട ് കാലാവസ്ഥാ വകുപ്പ് അർഥമാക്കു
ന്നത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നാളെ വരെ അറബിക്കടലിലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാകാനും മൂന്നു മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലയ്ക്ക് സാധ്യത ഉള്ളതിനാലും കൂടുതൽ ജാഗ്രത പാലിക്കണമെന്നു കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിതീവ്ര മഴ പ്രവചിച്ച പശ്ചാത്തലത്തിൽ വടക്കൻ ജില്ലകൾ ജാഗ്രത പുലർത്തണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.