തിരുവനന്തപുരം: കാലവർഷത്തിനു കരുത്തേകി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും.
എന്നാൽ, ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയില്ലെന്നും, ന്യൂനമർദത്തിന്റെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ഇന്നും വയനാട്, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്.
ബുധനാഴ്ച വരെ കേരളം, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് ഭാഗങ്ങളിലും മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്.