തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കാലവർഷം കലിതുള്ളിയെത്തിയപ്പോൾ സംസ്ഥാനത്തു പരക്കെ നാശനഷ്ടം. ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ 24 സെന്റിമീറ്റർ വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കാണ് സാധ്യത. കാസ ർഗോഡ്, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ശനിയാഴ്ച കൂടി തെക്കൻ കേരളത്തിൽ മഴ തുടരും.
വടക്കൻ കേരളത്തിലാണ് കാലവർഷം പലേടത്തും നാശം വിതച്ചത്. കാസർഗോഡ്, മലപ്പുറം ജില്ലകളിൽ കനത്ത മഴയാണ് പെയ്തിറങ്ങിയത്. ചിലേടങ്ങളിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു. മരങ്ങൾ വീണും മണ്ണിടിഞ്ഞും പലേടത്തും നാശനഷ്ടമുണ്ടായി. കാസർഗോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധി നൽകി.
വിഴിഞ്ഞത്തുനിന്നും നീണ്ടകരയിൽനിന്നുമായി കടലിൽ പോയ ഏഴു മത്സ്യത്തൊഴിലാളികളെ കാണാതായി. തിരുവല്ലയിൽ മീൻപിടിക്കാൻ ഇറങ്ങിയ ആൾ പു ഴയിൽ മുങ്ങിമരിച്ചു. വള്ളംകുളം സ്വദേശി വർഗീസ് കോശി (54)യാണ് മണിമലയാറ്റിൽ മുങ്ങിമരിച്ചത്. കോട്ടയത്ത് മീനച്ചിലാറ്റിൽ കിടങ്ങൂർ കാവാലിപ്പുഴ കടവിൽ ഒഴുകിയെത്തിയ തടി പിടിക്കാൻ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. കോട്ടയത്ത് ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ സെബാസ്റ്റ്യന്റെ മകൻ മനീഷിനെയാണ് (33) കാണാതായത്.
ഇടുക്കിയിൽ മഴ കനത്തതോടെ കല്ലാർകുട്ടി, പാംബ്ല ഷട്ടർ ഉയർത്തി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു ലഭിച്ചത് 526 മില്ലിമീറ്റർ മഴയാണ്. ഇന്നലെ 24 മണിക്കൂറിനിടെ ലഭിച്ച മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് 0.88 അടി ഉയർന്നിട്ടുണ്ട്. കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ രണ്ടു ഷട്ടറുകൾവീതം 30 സെ ന്റിമീറ്റർ ഉയർത്തി.
കല്ലാർകുട്ടി അണക്കെട്ടിൽനിന്നു പുറത്തേക്കൊഴുകുന്ന ജലം മുതിരപ്പുഴയാറിലൂടെ പെരിയാറിലെത്തും. മാട്ടുപ്പെട്ടി, കുണ്ടള, ഹെഡ് വർക്ക്സ്, പൊൻമുടി, ചെങ്കുളം അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. മൂന്നാറിൽ മഴ ശക്തിപ്രാപിച്ചു. ഇടുക്കി അണക്കെട്ട് പൂർണ സംഭരണശേഷിയിലെത്താൻ 98.6 അടി വെള്ളംകൂടി ഉയരണം. കഴിഞ്ഞ വർഷം ഇതേ ദിവസം 2380.46 അടിയായിരുന്നു ജലനിരപ്പ്.
കനത്ത മഴയിൽ പന്പയിലെ ജലനിരപ്പ് ഉയർന്നു ശബരിമല പന്പ ത്രിവേണി നടപ്പന്തലിൽ വെള്ളം കയറി. കർക്കടകമാസ പൂജയ്ക്കു നട തുറന്നിരിക്കുന്ന സ മയമായതിനാൽ തീർഥാടകരുടെ സഞ്ചാരത്തിനു നിയന്ത്രണം ഏർപ്പെടുത്തി. പുഴയുടെ അടിത്തട്ടിൽ പ്രളയകാലത്തെ മണൽ നിറഞ്ഞതിനാലാണ് വെള്ളം വളരെ വേഗം നടപ്പന്തലിലേക്ക് കയറിയത്.
എറണാകുളം ജില്ലയിൽ ചെല്ലാനത്തു കടൽ കയറ്റത്തിൽ വീടുകൾക്കു നാശനഷ്ടങ്ങൾ സംഭവിച്ചു. മരങ്ങൾ കടപുഴകി. വൈപ്പിൻ മേഖലകളിലും കടൽകയറ്റം രൂക്ഷം. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നു മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കാൻ നിർ ദേശം നൽകി.