തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ തെക്കുപടിഞ്ഞാറൻ കാലവർഷം പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ശനിയാഴ്ച മുതൽ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടിയെന്നും അടുത്ത ദിവസംതന്നെ കാലവർഷപ്പെയ്ത്ത് ആരംഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.
എന്നാൽ തെക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറഞ്ഞതോടെയാണ് കാലവർഷം വൈകിയത്. കാലവർഷം എത്താൻ വൈകുകയാണെങ്കിലും സംസ്ഥാനത്ത് വേനൽമഴ വ്യാപകമായി തുടരുകയാണ്.
അഞ്ചു വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരളതീരത്തും ലക്ഷദ്വീപ് ഭാഗത്തും തെക്കുകിഴക്കൻ അറബിക്കടലിലും ബുധനാഴ്ച വരെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പു നൽകി.