സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാലവർഷപ്പെയ്ത്തിന്റെ രീതിമാറ്റം പ്രകടമാക്കി ഇക്കുറിയും സംസ്ഥാനത്ത് ജൂണ്‍ മഴയിൽ ഗണ്യമായ കുറവ്. ജൂണിൽ ശരാശരി 649.8 മില്ലിമീറ്റർ മഴയാണു കേരളത്തിൽ പെയ്യേണ്ടത്.
എന്നാൽ, കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ (2012 മുതൽ 2019 വരെ) ആറു വർഷവും ജൂണ്‍ മഴയിൽ കാര്യമായ കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു.
ഇക്കാലയളവിൽ രണ്ടു തവണ മാത്രമാണ് ജൂണ്‍ മഴ കണക്കു തികച്ചത്. അതാകട്ടെ റിക്കാർഡ് മഴ പെയ്ത 2013ലും പ്രളയപ്പെയ്ത്തുണ്ടായ 2018ലുമാണ്. 2013 ജൂണിൽ 1042.7 മില്ലിമീറ്ററും 2018 ജൂണിൽ 750 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.
ഇക്കാലയളവിൽ ജൂണിൽ ഏറ്റവും കുറച്ച് മഴ പെയ്ത വർഷം 2019 ആണ്. 358.3 മില്ലിമീറ്റർ മഴയാണ് അന്നു സംസ്ഥാനത്തു രേഖപ്പെടുത്തിയത്. ഈ വർഷം ഇന്നലെ വരെ പെയ്തത് 476 മില്ലിമീറ്റർ മാത്രമാണ്. ജൂണ്‍ തീരാൻ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ശരാശരി തികയ്ക്കാൻ 173 മില്ലിമീറ്റർകൂടി പെയ്യണം.
ജൂണിൽ മഴ കുറഞ്ഞ വർഷങ്ങളിൽ, ജൂലൈയിലും ശരാശരി മഴയിൽ കുറവുണ്ടായതായി കണക്കുകൾ. ജൂലൈയിൽ ശരാശരി 726.1 മില്ലിമീറ്റർ മഴയാണു പെയ്യേണ്ടത്.
എന്നാൽ 2019ൽ ജൂലൈയിൽ പെയ്തത് 573.6 മില്ലിമീറ്ററാണ്.ഇതിനു മുൻപ് 2015 മുതൽ 2017 വരെ തുടർച്ചയായി ജൂണിൽ മഴ കുറഞ്ഞപ്പോൾ, ജൂലൈ മാസത്തിലും ശരാശരി മഴയുടെ അളവിൽ കുറവുണ്ടായി. അതേസമയത്തു ചില വർഷങ്ങളിൽ ജൂണ്‍, ജൂലൈ മാസങ്ങളിൽ മഴ കുറഞ്ഞപ്പോൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ വർധനയുണ്ടായി.
ജൂണ്‍ മുതൽ സെപ്റ്റംബർ വരെ നീളുന്ന കാലവർഷക്കാലത്ത് ശരാശരി 2049.2 മില്ലിമീറ്റർ മഴയാണു കേരളത്തിൽ പെയ്യേണ്ടത്. കാലങ്ങളായുള്ള കാലവർഷപ്പെയ്ത്തിന്റെ രീതിയനുസരിച്ച് ഇതിൽ ഏറ്റവും കൂടുതൽ മഴ പെയ്യേണ്ടത് ജൂലൈ മാസത്തിലാണ്, 726.1 മില്ലിമീറ്റർ. ജൂണിൽ 649.8 മില്ലിമീറ്ററും ഓഗസ്റ്റിൽ 419.5 മില്ലീമീറ്ററും സെപ്റ്റംബറിൽ 244.2 മില്ലിമീറ്ററുമാണ് ശരാശരി പെയ്യേണ്ടത്. എന്നാൽ, കഴിഞ്ഞ ഒൻപതു വർഷത്തിനിടയിൽ കാലവർഷപ്പെയ്ത്തിന്റെ ഈ രീതി തകിടം മറിഞ്ഞതായാണ് വിദഗ്ധരുടെ നിഗമനം.
ഇക്കുറിയും ജൂണിൽ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാതിരുന്നതോടെ സംസ്ഥാനത്ത് മഴക്കുറവ് 17 ശതമാനമായി ഉയർന്നു. മൂന്നു ജില്ലകൾ ഒഴികെ മറ്റെല്ലായിടത്തും മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടായി. ഇന്നലെ വരെ ഏറ്റവും കൂടതൽ മഴ ലഭിച്ചതു കോഴിക്കോട് ജില്ലയിലാണ്.
40 ശതമാനം അധിക മഴയാണ് ജില്ലയിൽ പെയ്തത്. തിരുവനന്തപുരത്ത് 24 ശതമാനവും കണ്ണൂരിൽ 18 ശതമാനവും അധിക മഴ ലഭിച്ചപ്പോൾ മറ്റെല്ലാ ജില്ലകളിലും മഴക്കുറവാണ്.