വിഴിഞ്ഞം: ശക്തമായ മഴയിൽ വിഴിഞ്ഞം ഗംഗയാർ തോട് കര കവിഞ്ഞൊഴുകി മത്സ്യബന്ധന തുറമുഖ മേഖല വെള്ളത്തിനടിയിലായി.
കടകളിലും വീടുകളിലും വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു. കരയിൽ കയറ്റി വച്ചിരുന്ന നിരവധി വള്ളങ്ങൾക്കും എൻജിനുകൾക്കും ഒഴുക്കിൽപ്പെട്ട് കേടുപാടുകൾ സംഭവിച്ചു.
മണ്ണിടിച്ചിലിൽ തുറമുഖത്ത് വലിയ ഗർത്തവും രൂപപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്തിറങ്ങിയ ശക്തമായ മഴയാണ് മത്സ്യത്തൊഴിലാളികൾക്ക് ദുരിതമായത്.
ഒഴുകിയെത്തിയ മാലിന്യങ്ങളും കുളവാഴകളും തോട് കടലിൽ പതിക്കുന്ന ഭാഗത്ത് അടിഞ്ഞ് കൂടിയത് ഒഴുക്ക് നിലക്കാൻ കാരണമായി.
രാത്രിയിൽ ശക്തമായി ഒഴുകിയെത്തിയ മഴവെള്ളം കരകവിഞ്ഞ് ജനവാസ മേഖലയിലേക്ക് ഇരച്ച് കയറി.
തീരദേശ റോഡും മത്സ്യലേലഷെഡും സമീപത്തെ കടകളും പോലീസിന്റെ പിക്കറ്റ് പോസ്റ്റും എല്ലാം വെള്ളത്തിലായി.
കടലിൽ പോകരുതെന്ന അധികൃതരുടെ ശക്തമായ മുന്നറിയിപ്പുണ്ടായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധന വള്ളങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് വലിച്ച് കയറ്റിയിരുന്നു.
അപ്രതീക്ഷിതമായി ഒഴുകിയെത്തിയ മഴവെള്ളം വള്ളങ്ങൾക്കും തീരത്തിനും ഭീഷണിയായി.
വിവരമറിഞ്ഞെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ ജെസിബിയുടെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തോടിന്റെ തടസം നീക്കി വെള്ളം കടലിലേക്ക് തുറന്ന് വിട്ട് ഇന്നലെ ഉച്ചയോടെ താത്കാലിക പരിഹാരമായി.
അന്താരാഷ്ട്ര തുറമുഖനിർമാണവുമായി ബന്ധപ്പെട്ട് തോടിന്റെ ഒഴുക്കിന് തടസമുണ്ടായതും യഥാസമയം ശുചികരണം നടത്താൻ അധികൃതർ തയ്യാറാകാത്തതുമാണ് വെള്ളപ്പൊക്കത്തിന് കാരണമായി നാട്ടുകാർ പറയുന്നത്.
തഹസിൽദാർ ,നഗരസഭാധികൃതർ, ഇറിഗേഷൻ വകുപ്പിലെയും ഹാർബർഎൻജിനിയറിംഗ് വിഭാഗത്തിലെയും ഉന്നതരും വില്ലേജ് ഓഫീസർമാർ, പോലീസും, ഫയർഫോഴ്സും സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.