പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പു പരാജയവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി എം.ബി. രാജേഷ് ലക്ഷ്യമിടുന്നത് പാർട്ടിയുടെ തന്നെ എംഎൽഎയായ പി.കെ. ശശിയെ. ഇതിനു ആക്കം കൂട്ടുന്ന പ്രസ്താവനകളാണ് ഇന്നലെ രാജേഷിൽ നിന്നുണ്ടായത്.
മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ 30,000 വോട്ടുകൾക്ക് പിന്നാക്കം പോയതാണ് പരാജയത്തിനു നിദാനമായതെന്നാണ് രാജേഷിന്റെ വിലയിരുത്തൽ. ഒരു സ്വാശ്രയകോളജ് ഉടമയുടെ നേതൃത്വത്തിൽ ഗൂഡാലോചന നടന്നതായും മണ്ണാർക്കാട്ടെ വോട്ടുചോർച്ചയിൽ ദൂരൂഹതയുണ്ടെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം രാജേഷ് രംഗത്തെത്തിയിരുന്നു.
പാലക്കാട്ടെ എൽ ഡി എഫിന്റെ പരാജയം അതീവ ഗൗരവമുള്ളതാണ്. പരാജയകാരണം പരിശോധിക്കുമെന്നും പി.കെ. ശശി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷവിഭാഗം യുഡിഎഫിനൊപ്പം നിന്നു. ഇതിൽ എൽഡിഎഫിനെ പിന്തുണക്കുന്നവരുമുണ്ട്. പട്ടാന്പി, മണ്ണാർക്കാട് നിയോജക മണ്ഡലങ്ങളിലെ വോട്ട് കുറയുന്നതിനും കാരണം ഇതാണ്. സംഘടനപരമായ വീഴ്ച്ചകൾഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി കമ്മിറ്റികൾ പരിശോധിക്കും. മുന്നണിയിൽ വിഭാഗീയതയില്ല. ഇത്തവണ ഷൊർണ്ണൂർ നിയോജക മണ്ഡലത്തിന്റെ ചുമതലയാണ് തനിക്കുണ്ടായിരുന്നത്. അതിനാൽ മണ്ണാർക്കാട്ടെ രാഷ്ട്രീയ സാഹചര്യം തനിക്കറിയില്ലെന്നും പി.കെ ശശി കൂട്ടിച്ചേർത്തു.
സംഘ്പരിവാറിനെതിരെ ഇടതുമുന്നണി മുന്നോട്ടുവച്ച രാഷ്ട്രീയം സമൂഹം ഏറ്റെടുത്തു. അത് ഗുണം ചെയ്തത് യുഡിഎഫിനാണെന്നും പി.കെ ശശി പറഞ്ഞു. എന്നാൽ മണ്ണാർക്കാട് മേഖലയിൽ എൽ ഡിഎഫിന് വോട്ട് കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ പി. കെ. ശശി വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നാണ് പൊതുവേയുള്ള അഭിപ്രായം.