തിരുവനന്തപുരം: സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിലും അവസരസമത്വം, വിദ്യാഭ്യാസ പുരോഗതി എന്നിവ നേടിയെടുക്കുന്നതിലും സംസ്ഥാന സർക്കാർ ഏറെ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് സ്പീക്കർ എം.ബി. രാജേഷ്.
പുരോഗമനപരമായ നിയമനിർമാണ പ്രക്രിയയോടൊപ്പം തന്നെ കേരള സമൂഹം സ്ത്രീശാക്തീകരണത്തിൽ മുന്നേറ്റം നേടുന്നതിൽ പ്രധാന പങ്ക് വഹിച്ചു. അസമത്വവും അസഹിഷ്ണുതയും നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളുടെ ഉന്നമനത്തിൽ മാത്രമല്ല ലിംഗ സമത്വത്തിലും അനുബന്ധ വിഷയങ്ങളിലും യൂണിസെഫിന്റെ പ്രവർത്തനം അഭിനന്ദനീയമാണെന്നും സ്പീക്കർ പറഞ്ഞു.
രാജ്യത്ത് പലയിടത്തും ഇപ്പോഴും സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം വെല്ലുവിളി നിറഞ്ഞതായി തീർന്നിരിക്കുന്നു. ഈ ദുരവസ്ഥയെ മറികടക്കുവാൻ വിദ്യാസമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുന്നതിലൂടെ സാധിക്കുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.