പാലക്കാട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിനു നേരേ കല്ലേറ്. ചില്ലുകൾ തകർത്തു, കൊടിമരം ഇളക്കിമറിച്ചിട്ടു. ഇന്നു പുലർച്ചെ ഒന്നോടെയാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് അക്രമണം നടത്തിയതെന്നു പരിസരവാസികൾ പറഞ്ഞു. സംഭവ സമയത്ത് ഓഫീസ് അടഞ്ഞു കിടക്കുകയായിരുന്നു.
കല്ലെറിഞ്ഞു തിരിച്ചു പോയവർ വീണ്ടുമെത്തിയാണ് കൊടിമരം തകർത്തത്. രാത്രി പതിനൊന്നര വരെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റും നിയുക്ത എംപിയുമായ വി.കെ. ശ്രീകണ്ഠനും ഏതാനും പ്രവർത്തകരും ഓഫീസിലുണ്ടായിരുന്നു.
സംഭവത്തിനു പിന്നിൽ സിപിഎം ആണെന്നു ഭാരവാഹികൾ ആരോപിച്ചു.
പരാതിയെ തുടർന്ന് ടൗണ്‍ സൗത്ത് പോലീസ് അന്വേഷണത്തിനെത്തി. ജില്ലയിലെ പ്രധാന രാഷ്ട്രീയകക്ഷി ഓഫീസുകൾക്കു ഇന്നലെ വരെ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. രാത്രി ഒന്‍പതിനാണ് സംരക്ഷണം പിൻവലിച്ചത്. ജില്ലാ നേതാക്കളെത്തിയ ശേഷം പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നാണ് സൂചന. ‘
എം.ബി. രാജേഷിന്റെ വീടിനു പോലീസ് കാവൽ
പാലക്കാട് : കല്ലേറുണ്ടായതിനെ തുടർന്ന് പാലക്കാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം.ബി. രാജേഷിന്റെ തറവാട് വീടിനു പോലീസ് കാവൽ. രാജേഷിന്റെ കയിലിയാട് മാന്പറ്റപ്പടിയിലെ തറവാടു വീടിനു നേർക്കായിരുന്നു ഇന്നലെ രാത്രി ഒന്‍പതരയോടെ കല്ലേറുണ്ടായത്.
കയിലിയാട് സെന്ററിൽ നിന്നും തുടങ്ങിയ യുഡിഎഫ് പ്രകടനം രാജേഷിന്റെ വീടിനു അടുത്തെത്തിയപ്പോൾ പടക്കമെറിഞ്ഞു. ഇതു ചോദ്യം ചെയ്തതിനെ തുടർന്ന് സിപിഎം പ്രവർത്തകരുമായി വാക്കേറ്റവും സംഘർഷവുമുണ്ടായി. ഈസമയത്ത് വീട്ടിൽ രാജേഷിന്റെ മാതാപിതാക്കളായ ബാലകൃഷ്ണൻ നായരും രമണിയും മാത്രമാണുണ്ടായിരുന്നത്.
ഇവരുടെ പരാതി പ്രകാരം ഷൊർണൂർ പോലീസ് കേസെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.