പാലക്കാട്: സ്ത്രീ രണ്ടാം പൗരനെന്ന തരത്തില്‍ സമൂഹത്തിലും പുരുഷന്‍മാര്‍ക്കിടയിലും നിലനില്‍ക്കുന്ന വിവേചനപര മായ ധാരണയും മനോഭാവവും മാറിയാലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുള്ളൂവെന്ന് എം.ബി.രാജേഷ്എംപി പറഞ്ഞു. ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ ജില്ലാ സാമൂഹിക നീതി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനാചരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
സമൂഹത്തിന്റെ ഈ പരിവര്‍ത്തിത മനോഭാവത്തിലൂടെയും സാമ്പത്തിക സാശ്രയത്വത്തിലൂടെയും മാത്രമെ സ്ത്രീയ്ക്ക് ശാക്തീകരണം സാധ്യമാകൂ. മനുഷ്യര്‍ കൂട്ടമായി താമസിച്ചിരുന്ന ഗോത്ര സാമൂഹിക വ്യവസ്ഥിതിയില്‍ സ്ത്രീയായി രുന്നു ഗോത്ര തലവന്‍. പിന്നീട് കൃഷി കണ്ടു പിടിച്ച് കുടുംബവ്യവസ്ഥയിലേയ്ക്ക് കടന്നപ്പോള്‍ പുരുഷന്‍മാര്‍ സ്വത്ത് സമ്പാദനത്തിനുള്ളവരും സ്ത്രീകള്‍ വീട്ടുകാര്യം നോക്കുന്നവരുമായി മാറി. ആ മാറ്റമാണ് ഇപ്പോഴും തുടരുന്നത്.
ഇന്ന് ഔദ്യാഗിക തലങ്ങളിലും മറ്റും സ്ത്രീകള്‍ തങ്ങളുടെ മികവ് തെളിയിച്ചിട്ടും സാക്ഷരതയിലും സാമൂഹികപുരോ ഗതിയിലും പ്രബുദ്ധതയിലും രാഷ്ട്രീയ ബോധത്തിലും മുന്നിട്ട് നി ക്കുന്ന കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള മാനസിക വും ശാരീരികവുമായ അതിക്രമം തുടരുന്നത് കാലങ്ങളോളമുള്ള വിവേചനപരമായ ഈ അന്തരീക്ഷം നിലനില്‍ക്കുന്നത് കൊണ്ടാണ്. സ്ത്രീ വെറുമൊരു ശരീരം മാത്രമെന്ന ധാരണ കൂടി തിരുത്തപ്പെടണം.
വിപണനമേഖലയില്‍ കണ്ടു വരുന്ന പരസ്യ ചിത്രങ്ങളിലും മറ്റും സ്ത്രീകളെ അല്പവസ്ത്രത്തില്‍ അവതരിപ്പിക്കുന്ന രീതിയും തിരുത്തപ്പെടണം. സിനിമകളിലും സീരിയലുകളിലും സ്ത്രീകളെ രണ്ടാം പൗരന്മാരായി അവതരിപ്പിക്കുന്നതിലും മാറ്റം വരേണ്ടതുണ്ട്. ഇങ്ങനെ മാറുന്ന സമൂഹത്തിന്‍റെ പൊതു ബോധത്തിലൂന്നിയ നിയമവ്യവസ്ഥയാണ് സ്ത്രീകള്‍ക്കായി പ്രാബല്യത്തില്‍ വരേണ്ടതെന്നും എം.ബി.രാജേഷ്.എംപി പറഞ്ഞു.
പരിപാടിയില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി.ലൈല അധ്യക്ഷയായി. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, അട്ടപ്പാടി ഐ.ടി.ഡി.പി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ .എം. റമീസ, സീതാലയം ഹോമിയോപ്പതി കോഡിനേറ്റര്‍ ഡോ: എസ്.ബാലാമണി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ പി.മീര, ജില്ലാ സാമൂഹിക നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം.സന്തോഷ് ബാബു എന്നിവര്‍ പങ്കെടുത്തു. ‘ തൊഴിലിടങ്ങളി ല്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം തടയല്‍ ‘ വിഷയത്തില്‍ അഡ്വ.കെ.വിജയ ക്ലാസെടുത്തു.