പാലക്കാട് : മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന് ഇന്നുമുതൽ ബസ് സർവീസുകൾ ആരംഭിക്കുമെന്ന എംപിയുടെ ഉറപ്പ് നടപ്പായില്ല. ഇന്ന് രാവിലെ വിരലിലെണ്ണാവുന്ന ബസുകളാണ് ബസ് സ്റ്റാൻഡിലെത്തിയത്. ചെർപ്പുളശേരി, തോലന്നൂർ ഭാഗത്തേയ്ക്കുള്ള ചില ബസുകളാണ് സ്റ്റാൻഡിലെത്തിയത്. ബസുകൾ ഇന്നുമുതൽ സർവീസുകൾ തുടങ്ങുമെന്ന എംപിയുടെ ഉറപ്പിന്റെ വാർത്ത കണ്ട് ബസ് സ്റ്റാൻഡിലെത്തിയ യാത്രക്കാർ ദുരിതത്തിലായി.
മുനിസിപ്പൽ ബസ്സ് സ്റ്റാന്റിൽ നിന്ന് പുറപ്പെട്ടിരുന്ന സ്വകാര്യ ബസുകൾ ഇന്ന് മുതൽ അവിടെ നിന്നു തന്നെ സർവീസുകൾ പുനരാരംഭിക്കുമെന്നാണ് ഇന്നലെ എം.ബി രാജേഷ് എംപി ഉറപ്പു നല്കിയത്. ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടം തകർന്നു വീണതിനെ തുടർന്ന് സ്റ്റാന്റിലേക്ക് ബസുകൾ പ്രവേശിക്കുന്നത് താൽക്കാലികമായി നിർത്തിയിരുന്നു.
തുടർന്ന് ബസുകൾ മുനിസിപ്പൽ സ്റ്റാൻറിൽ നിന്ന് സർവീസ് നടത്താൻ തയ്യാറാവാഞ്ഞതിനാൽ എം.പി. ഇടപെട്ട് സെപ്തംബർ 22 ന് ബസ് ഉടമകളുടെ പ്രതിനിധികളും നഗരസഭ ചെയർപേഴ്സണ്, വൈസ് ചെയർമാൻ, സ്റ്റ്ാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആർ.ടി.ഒ, പോലീസ് എന്നിവരുമെല്ലാം പങ്കെടുത്ത് സർവ്വകക്ഷി യോഗം ചേർന്നിരുന്നു.
യോഗത്തിൽ യാത്രക്കാർക്ക് ബസ് കാത്തുനിൽക്കുന്നതിനും ബസ് ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുമുള്ള സംവിധാനങ്ങൾ നഗരസഭ ഒരുക്കുമെന്നും ഒക്ടോബർ 2 മുതൽ മുനിസിപ്പൽ സ്റ്റാന്റിൽ നിന്ന് ബസുകൾ പുറപ്പെടുന്നതാണെന്നും തീരുമാനം എടുത്തിരുന്നു.
ബസുടമകൾ നൽകിയ ഹർജി കോടതിയുടെ പരിഗണനയിലാണെന്ന തൊടുന്യായം പറഞ്ഞാണ് ബസുകൾ സ്റ്റാന്റിൽ കയറാൻ വിസമ്മതിച്ചിരുന്നത്. ഇതുമൂലം ദൈനംദിന യാത്രക്കാരും വ്യാപാരികളും ദുരിതത്തിലായി. ഇന്നലെ എം.പി. മുൻകയ്യെടുത്ത് വീണ്ടും ബസുടമകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മുതൽ മുനിസിപ്പൽ സ്റ്റാന്റിൽ നിന്ന് ബസുകൾ ഓടിത്തുടങ്ങാം എന്ന് സമ്മതിച്ചത്.