പാരീസ്/റിയാദ്: ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെയ്ക്ക് ട്രാൻസ്ഫർ വിൻഡോയിൽ വില കുതിച്ചുയർന്നു. 2024 ജൂണ്‍ 30വരെയാണ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായി (പാരീസ് സെന്റ് ജെർമെയ്ൻ) എംബാപ്പെയ്ക്കു കരാർ കാലാവധിയുള്ളത്.
പുതിയൊരു കരാർ ഒപ്പുവയ്ക്കാൻ തയാറല്ലെന്ന് എംബാപ്പെ അറിയിച്ചിരുന്നു. എന്നാൽ, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം ഫ്രീ ആയി ക്ലബ് വിടില്ല എന്ന നിലപാട് പിഎസ്ജിക്ക്.
അവസരം മുതലാക്കി എംബാപ്പെയെ സ്വന്തമാക്കാൻ സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഹിലാൽ എഫ്സി രംഗത്തെത്തി.
2713 കോടി രൂപ (300 മില്യണ്‍ യൂറോ) എംബാപ്പെയുടെ ട്രാൻസ്ഫറിനായി പിഎസ്ജിക്കു നൽകാമെന്നാണ് അൽ ഹിലാൽ അറിയിച്ചത്. 6329 കോടി രൂപ (700 മില്യണ്‍ യൂറോ) എംബാപ്പെയ്ക്കും അൽ ഹിലാൽ ഓഫർ ചെയ്തു. അതും 2023-24 സീസണിലേക്കു മാത്രമായി!!!
മെസിക്കു ശേഷം എംബാപ്പെ
2023-24 പ്രീ സീസണ് ട്രാൻസ്ഫറിലൂടെ അൽ ഹിലാൽ ആദ്യം നോട്ടംവച്ചത് അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെയായിരുന്നു. 4467 കോടി രൂപയായിരുന്നു അൽ ഹിലാൽ മെസിക്കുവേണ്ടി മുടക്കാൻ തയാറായത്.
എന്നാൽ, മെസിയെ സ്വന്തമാക്കാൻ സാധിക്കാത്തതിന്റെ ക്ഷീണമകറ്റാനായി എംബാപ്പെയെ മോഹവിലയ്ക്കു സ്വന്തമാക്കാനാണ് അൽ ഹിലാലിന്റെ ശ്രമം. 9042 കോടി രൂപയുടെ (300+700 മില്യണ്‍ യൂറോ) ഔദ്യോഗിക ഓഫറാണ് എംബാപ്പെയ്ക്കായി അൽ ഹിലാൽ നടത്തിയിരിക്കുന്നത്.
2023-24 സീസണിലേക്കു മാത്രമായാണ് അൽ ഹിലാലിന്റെ ഓഫർ എന്നതും ശ്രദ്ധേയം. 2023-24 സീസണിനുശേഷം എംബാപ്പെ ആഗ്രഹിക്കുന്നതുപോലെ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് താരത്തിനു ചേക്കേറാം.