പാരീസ്: ഡിസംബർ 20ന് 23 വയസ് പൂർത്തിയായ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കൈലിയൻ എംബാപ്പെയുടെ അക്കൗണ്ടിൽ ഉള്ളത് 201 ഗോൾ. ക്ലബ്ബിനും രാജ്യത്തിനുമായി ഇത്രയും ചെറിയ പ്രായത്തിൽ 200ൽ അധികം ഗോൾ നേടിയ എംബാപ്പെ ഭാവിയിൽ ലോക ഫുട്ബോളിലെ ഗോൾ മെഷീൻ എന്ന വിശേഷണം സ്വന്തമാക്കിയേക്കാം.
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമെല്ലാം കുറിക്കുന്ന ഗോൾ റിക്കാർഡ് മറികടക്കാൻ നിലവിലെ ഫോം അനുസരിച്ച് കെൽപ്പുള്ള താരമാണ് എംബാപ്പെ എന്നും ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു.
ഫ്രഞ്ച് കപ്പ് ഫുട്ബോളിൽ എംബാപ്പെയുടെ ഹാട്രിക്കിൽ പാരീ സാൻ ഷെർമയ്ൻ 4-0ന് വനേസിനെ കീഴടക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 59, 71, 76 മിനിറ്റുകളിലായി രണ്ടാം പകുതിയിലായിരുന്നു എംബാപ്പെയുടെ ഹാട്രിക്. ഈ ഹാട്രിക്കോടെയാണ് എംബാപ്പെ കരിയറിൽ 200 ഗോൾ കടന്നത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കായി 150 ഗോൾ തികയ്ക്കാനും എംബാപ്പെയെ ഈ ഹാട്രിക് സഹായിച്ചു.
പിഎസ്ജിക്കായി ഗോൾ വേട്ട റിക്കാർഡിൽ മൂന്നാം സ്ഥാനത്താണ് എംബാപ്പെ. രണ്ടാം സ്ഥാനത്തുള്ള സ്ലാട്ടൻ ഇബ്രാഹിമോവിച്ചുമായി (180 മത്സരങ്ങളിൽനിന്ന് 156 ഗോൾ) ആറ് ഗോൾ വ്യത്യാസം മാത്രാണ് ഫ്രഞ്ച് താരത്തിനു ശേഷിക്കുന്നത്. 301 മത്സരങ്ങളിൽനിന്ന് 200 ഗോൾ നേടിയ എഡിസണ് കവാനിയാണ് പിഎസ്ജിയുടെ ചരിത്രത്തിലെ ടോപ് സ്കോറർ. മൊണാക്കോയിൽനിന്ന് 2017ലാണ് എംബാപ്പെ പിഎസ്ജിയിൽ എത്തിയത്.
196 മത്സരങ്ങളിൽനിന്നാണ് എംബാപ്പെ 150 ഗോൾ പിഎസ്ജിക്കായി നേടിയത്. 2015ൽ മൊണാക്കോയ്ക്കുവേണ്ടി കളിച്ചാണ് എംബാപ്പെ പ്രഫഷണൽ കരിയർ ആരംഭിച്ചത്. മൊണാക്കോയ്ക്കായി 27ഉം ഫ്രാൻസ് ദേശീയ ടീമിനായി 24ഉം ഗോൾ ഈ സൂപ്പർ സ്ട്രൈക്കർ സ്വന്തമാക്കിയിട്ടുണ്ട്.
ക്ലബ്ബിനായി 150 ഗോൾ എന്ന നാഴികക്കല്ലിൽ എത്താൻ സാധിച്ചത് അഭിമാനകരമാണെന്ന് ഫ്രഞ്ച് കപ്പ് മത്സരത്തിനുശേഷം എംബാപ്പെ പറഞ്ഞു.