ലോകകപ്പ് ഫുട്ബോൾ കിരീട ജേതാവായ ഫ്രാൻ സിന്റെ യുവ താരം കൈലിയൻ എംബാപ്പെയ്ക്ക് കരിയറിൽ 1000 ഗോൾ തികയ്ക്കാൻ സാധിക്കുമെന്ന് ബ്രസീൽ ഇതിഹാസം പെലെ. 1025 ഗോൾ തികച്ച താരമാണ് എഴുപത്തെട്ടുകാരനായ പെലെ. എംബാപ്പെ ഇതുവരെ 103 ഗോൾ നേടിയിട്ടുണ്ട്. അതിൽ 92 എണ്ണം മുൻനിര മത്സരങ്ങളിലാണ്.
ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന രണ്ടാമത് കൗമാര താരമെന്ന നേട്ടം പെലെയ്ക്കുശേഷം സ്വന്തമാക്കിയ കളിക്കാരനാണ് എംബാപ്പെ. റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ ഫൈനലിലായിരുന്നു എംബാപ്പെയുടെ നേട്ടം. ഫ്രഞ്ച് ക്ലബ്ബായ പാരി സാൻ ഷെർമയ്നിൽ തുടരുകയാണെങ്കിൽ ലോകത്തിന്റെ നെറുകയിലേക്ക് എംബാപ്പെയ്ക്കു മുന്നേറാമെന്നും പെലെ പറഞ്ഞു.
അതേസമയം, പരിശീലിക്കുന്പോൾ നേടുന്നതുൾപ്പെടെയുള്ള ഗോളുകൾ എണ്ണിയാൽപോലും തനിക്ക് ഒരിക്കലും 1000 എണ്ണം തികയ്ക്കാൻ സാധിക്കില്ലെന്ന് എംബാപ്പെ പ്രതികരിച്ചു. ഒരു സ്വകാര്യ ചടങ്ങിൽ സംബന്ധിക്കവേയാണ് ഇരുവരും ഇക്കാര്യങ്ങൾ പങ്കുവച്ചത്