ലൈപ്സിഗ്: യുവേഫ യൂറോ കപ്പ് ഫുട്ബോളിൽ ഫ്രാൻസിന് കനത്ത തിരിച്ചടിയായി ക്യാപ്റ്റൻ കിലിയൻ എംബപ്പെയുടെ പരിക്ക്. ഗ്രൂപ്പ് ഡിയിൽ ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിനിടെ മൂക്ക് പൊട്ടിയ എംബപ്പെ ഫ്രാൻസിന്റെ അടുത്ത മത്സരത്തിൽ ഉണ്ടാകില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ 2000നുശേഷം യൂറോ കപ്പ് ട്രോഫി സ്വപ്നം കാണുന്ന ഫ്രാൻസിന് കനത്തപ്രഹരമാകുമത്.
കരുത്തരായ നെതർലൻഡ്സിനെതിരേ ഇന്ത്യൻ സമയം വെള്ളിയാഴ്ച അർധരാത്രി 12.30നാണ് ഫ്രാൻസിന്റെ അടുത്ത മത്സരം. നിലവിൽ ഗ്രൂപ്പിൽ ഒരു റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ നെതർലൻഡ്സും ഫ്രാൻസും ഓരോ ജയം സ്വന്തമാക്കി. എന്നാൽ, ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ നെതർലൻഡ്സാണ് ഒന്നാമത്. നെതർലൻഡ്സ് 2-1ന് പോളണ്ടിനെ കീഴടക്കിയപ്പോൾ ഫ്രാൻസ് 1-0ന് ഓസ്ട്രിയയെ മറികടക്കുകയായിരുന്നു.
ശസ്ത്രക്രിയ വേണ്ടെന്നുവച്ചു
ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഓസ്ട്രിയൻ സെന്റർ ബാക്ക് താരമായ കെവിൻ ഡാൻസോയുടെ പുറത്ത് ഇടിച്ചായിരുന്നു കിലിയൻ എംബപ്പെയുടെ മൂക്കിന്റെ പാലം ഒടിഞ്ഞത്. ഒടിവുണ്ടെങ്കിലും ശസ്ത്രക്രിയ തത്കാലം വേണ്ടെന്നുവച്ചതായാണ് ഫ്രഞ്ച് ടീമുമായി ബന്ധമുള്ള കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, നെതർലൻഡ്സിന് എതിരായ അടുത്ത മത്സരത്തിൽ എംബപ്പെ കളിക്കാൻ സാധ്യത കുറവാണ്. നീരുവച്ചതിനാൽ ശ്വാസം എടുക്കുന്നതിലുൾപ്പെടെ എംബപ്പെ പ്രശ്നം നേരിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ശസ്ത്രക്രിയ നടത്തിയാൽ യൂറോ കപ്പ് ടൂർണമെന്റിൽനിന്ന് എംബപ്പെ പുറത്താകും. അതുകൊണ്ടാണ് അതൊഴിവാക്കിയതെന്നാണ് സൂചന. ഫലത്തിൽ നെതർലൻഡ്സിനെതിരായ മത്സരത്തിൽ എംബപ്പെയ്ക്ക് പൂർണവിശ്രമം നൽകാനാണ് സാധ്യത.
മാസ്ക് അണിയും
ഡുസെൽഡോർഫിലെ ആശുപത്രിയിലാണ് എംബപ്പെയ്ക്ക് ചികിത്സ നൽകിയത്. ചികിത്സ തേടിയതിനുപിന്നാലെ ‘മാസ്ക് സംബന്ധിച്ച് എന്തെങ്കിലും ആശയങ്ങളുണ്ടോ’ എന്ന് സോഷ്യൽ മീഡിയയിൽ എംബപ്പെ പോസ്റ്റ് ചെയ്തു. എത്രയും വേഗം സുഖംപ്രാപിച്ച് എംബപ്പെ തിരിച്ചെത്തെട്ടേയെന്ന് കെവിൻ ഡാൻസോയും സോഷ്യൻ മീഡിയയിൽ കുറിച്ചു.
യൂറോ 2024ൽനിന്ന് എംബപ്പെ പുറത്തായാൽ ടൂർണമെന്റിന്റെ തിളക്കം കുറയും. കാരണം, 2022 ഫിഫ ലോകകപ്പിൽ ഗോൾഡൻ ബൂട്ടും ഫൈനലിൽ ഹാട്രിക്കും നേടിയ എംബപ്പെയുടെ മികവാണ് ലേ ബ്ലൂസിന്റെ കരുത്ത്.
സെൽഫിൽ ജയം, ദേഷാംപ് @ 100
എംബപ്പെ പരിക്കേറ്റ് പുറത്തായ മത്സരത്തിൽ മാക്സിമിലിയൻ വൂബറിന്റെ (38’) സെൽഫ് ഗോളിലാണ് ഫ്രാൻസ് 1-0ന് ഓസ്ട്രിയയെ തോൽപ്പിച്ചത് എന്നതാണ് ശ്രദ്ധേയം. ഫ്രാൻസ് 14 ഷോട്ട് ഉതിർത്തതിൽ മൂന്ന് എണ്ണം മാത്രമായിരുന്നു ഓണ് ടാർഗറ്റായുള്ളത്. ഓസ്ട്രിയയും മൂന്ന് ഷോട്ട് ടാർഗറ്റിലേക്ക് തൊടുത്തു. 53 ശതമാനം പന്തിന്റെ നിയന്ത്രണം ഓസ്ട്രിയയുടെ വരുതിയിലായിരുന്നു എന്നതും ശ്രദ്ധേയം.
ലോകകപ്പ്, യൂറോ കപ്പുകളിലായി ഫ്രാൻസ് തുടർച്ചയായ ആറാം തവണയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരം ജയിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ റിക്കാർഡ്. പരിക്ക് മുക്തനായി ഫ്രഞ്ച് ടീമിലേക്ക് തിരിച്ചെത്തിയ മിഡ്ഫീൽഡർ എൻഗോളൊ കാന്റെയായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്. ഫ്രഞ്ച് പരിശീലകൻ എന്ന നിലയിൽ ദിദിയെ ദേഷാംപിന്റെ 100-ാം ജയമായിരുന്നു ഓസ്ട്രിയയ്ക്കെതിരേ കുറിക്കപ്പെട്ടത്. 154 മത്സരങ്ങളിൽ 100 ജയം, 30 സമനില, 24 തോൽവി എന്നതാണ് ഫ്രഞ്ച് മാനേജർ എന്ന നിലയിൽ ദേഷാംപിന്റെ പ്രകടനം.