പാരീസ്: പിഎസ്ജിയിൽ (പാരീസ് സെന്റ് ജർമെയ്ൻ) തുടരുമോ എന്നതിൽ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ക്ലബ്ബിന്റെ താത്പര്യം സംരക്ഷിക്കുകയാണ് പ്രധാനമെന്നും വ്യക്തമാക്കി ഫ്രഞ്ച് സൂപ്പർ ഫുട്ബോളർ കിലിയൻ എംബപ്പെ.
പിഎസ്ജിയുമായി ആറ് മാസം മാത്രമാണ് താരത്തിന് കരാർ ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ ഫ്രഞ്ച് ലീഗ് വണ്ണിനു പുറത്തുള്ള ഏതു ക്ലബ്ബുമായും എംബപ്പെ ട്രാൻസ്ഫർ കാര്യത്തിൽ ചർച്ച നടത്തുന്നതിൽ തെറ്റില്ല.
‘കഴിഞ്ഞ വേനൽക്കാലത്ത് ക്ലബ് പ്രസിഡന്റുമായി ഞാൻ കരാർ ഉണ്ടാക്കിയിരുന്നു. ക്ലബ്ബിൽ ശാന്ത അന്തരീക്ഷം കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം. എന്റെ ട്രാൻസ്ഫറിന്റെ കാര്യം അതിനും മുകളിലല്ല. ക്ലബ്ബിൽ തുടരണമോ എന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല’ – എംബപ്പെ പറഞ്ഞു. സ്പാനിഷ് വന്പനായ റയൽ മാഡ്രിഡ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ലിവർപൂൾ എഫ്സി തുടങ്ങിയ ക്ലബ്ബുകൾ എംബപ്പെയെ സ്വന്തമാക്കാൻ രംഗത്തുണ്ട്.
ട്രോഫി ഡെസ് ചാന്പ്യൻസ് (ഫ്രഞ്ച് ചാന്പ്യൻസ് ട്രോഫി) ഫൈനലിൽ 2-0ന് ടുളൂസിനെ കീഴടക്കിയശേഷമാണ് എംബപ്പെ തന്റെ ട്രാൻസ്ഫർ സംബന്ധിച്ച് ഇങ്ങനെ പറഞ്ഞത്. ലീ കാങിലൂടെ മൂന്നാം മിനിറ്റിൽ മുന്നിൽ പ്രവേശിച്ച പിഎസ്ജിക്കുവേണ്ടി 44-ാം മിനിറ്റിൽ കിലിയൻ എംബപ്പെ ജയം ഉറപ്പിച്ച് രണ്ടാം ഗോൾ നേടി.
പാർക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ എംബപ്പെ നേടുന്ന 111-ാം ഗോളായിരുന്നു. ഈ സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റിക്കാർഡും എംബപ്പെ സ്വന്തമാക്കി.