സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട്ടെ രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിക്കൂട്ടിലായി സര്‍ക്കാരും ഉദ്യോഗസ്ഥരും.
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസിയായ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്ക് അന്വേഷണമെത്തുന്നു.
ഇതോടൊപ്പം ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തിലും ജീവനക്കാരുടെ അശ്രദ്ധയും സുരക്ഷാ വീഴ്ചയും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
അതീവ സുരക്ഷയും ശ്രദ്ധയും വേണ്ട സ്ഥാപനങ്ങളിലെ സുരക്ഷാ വീഴ്ചകള്‍ വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്.
വാര്ഡര്മാര്ക്കുള്പ്പെടെ സെല്ലുകളിലേക്ക് പോകാന്‍ പലപ്പോഴും പേടിയാണ്. കോവിഡ് കാലത്ത് പരിശോധന പോലും പ്രഹസനമായി മാറി. ജീവനക്കാരുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കട്ടിലിന് അടി
മാനസികാരോഗ്യ കേന്ദ്രത്തിലെ യുവതിയുടെ മരണത്തിലേക്കു നയിച്ചത് സ്ത്രീകള്‍ തമ്മിലുള്ള അടിപിടിയാണ്.
ബുധനാഴ്ച രാത്രിയാണ് മരിച്ച മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടും (30) അന്തേവാസിയുമായ അടി നടന്നത്. കിടക്കാനുള്ള സ്ഥലത്തെകുറിച്ചായിരുന്നു തര്‍ക്കം.
സംഭവത്തില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ തസ്മീ ബീബിയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
സെല്ലിലെ മറ്റുള്ളവരെയും ജീവനക്കാരെയും ചോദ്യം ചെയ്യുമെന്നു പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് ജിയറാം ജിലോട്ടിന്റെ വയറ്റിലുണ്ടായിരുന്നത്.
കിടക്കുന്ന കട്ടിലുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ജീവനക്കാര്‍ക്ക് മരണം സംബന്ധിച്ചു കൂടുതല്‍ എന്തെങ്കിലും അറിയുമോയെന്ന എന്ന കാര്യവും പോലീസ് അന്വേഷിക്കും.
ഇത്തരത്തില്‍ ഒരു തര്‍ക്കം നടന്നിട്ടും ബന്ധപ്പെട്ട ജീവനക്കാര്‍ യഥാസമയം ഇടപെട്ടില്ല എന്ന ആക്ഷേപവും ശക്തമാണ്. രാത്രി 7.30-നും എട്ടിനും ഇടയിലാണ് സംഭവം ഉണ്ടായത്.
മരിച്ചനിലയിൽ
വ്യാഴാഴ്ച പുലര്‍ച്ചെ ഡോക്ടര്‍ പതിവുപരിശോധനയ്ക്കെത്തിയപ്പോള് മരിച്ചനിലയില്‍ കണ്ടെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്.
ഫൊറന്‍സിക് വനിതാ വാര്‍ഡിലെ 10-ാംനമ്പര്‍ സെല്ലിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്കുപിറകില്‍ അടി കിട്ടിയതിനെത്തുടര്‍ന്ന് വലിയ മുഴയുണ്ടായിരുന്നു.
ചെവിയിലൂടെയും മൂക്കിലൂടെയും ചോര വന്ന രീതിയിലായിരുന്നു ഇവരെ കണ്ടെത്തിയത്.
മുഖംവീങ്ങിയിട്ടുമുണ്ടായിരുന്നു. കൈയില്‍ സ്ത്രീയുടേതെന്നു തോന്നിക്കുന്ന തരത്തിലുള്ള മുടി കണ്ടെടുത്തിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
അടിയുണ്ടാക്കിയപ്പോള്‍ തസ്മീ ബീബിയുടെ മൂക്കില്‍നിന്നു ചോര വരുകയും ഡോക്ടറെത്തി അവരെ പരിശോധിക്കുകയും ചെയ്തു.
ജിയറാം ജിലോട്ടിനെ പരിശോധനയ്ക്ക് വിധേയയാക്കിയില്ല. ഡോക്ടര്‍ വരുമ്പോള്‍ ജിയറാം ജിലോട്ടിന് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് സൂപ്രണ്ട് പറഞ്ഞത്.
പരിക്കേറ്റപ്പോള്‍ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാത്തതിലും ദുരുഹതയുണ്ട്. സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാനായി അന്വേഷണം നടത്തുന്നുണ്ടെന്നും സൂപ്രണ്ട്പറഞ്ഞു.
ജനുവരി 28-നാണ് ജിയറാം കുതിരവട്ടത്ത് എത്തുന്നത്. തലശേരി സ്വദേശിയായ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഇവര്‍ തലശേരിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു.
ഒരു കുട്ടിയുണ്ട്. കുട്ടിയെ ഇവര്‍ ഉപദ്രവിക്കുന്നതുകണ്ട് പോലീസാണ് കുതിരവട്ടത്ത് എത്തിച്ചത്.
ചില്‍ഡ്രന്‍സ് ഹോമില്‍ സംഭവിച്ചത്…
ആറു പെണ്‍കുട്ടികളാണ് കോഴിക്കോട് വെള്ളിമാടുകുന്നിലെ മതില് ചാടികടന്നത്.
കനത്ത സുരക്ഷാ വീഴ്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നു സുരക്ഷാ ഓഡിറ്റ് കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
പെണ്‍കുട്ടികളെ രണ്ടു ദിവസത്തിനകം കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും സുരക്ഷാ വീഴ്ച ഞെട്ടിക്കുന്നതാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യങ്ങളില്‍ ശക്തമായ നടപടി വേണമെന്ന് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
ചില്‍ഡ്രന്‍സ്ഹോമില്‍ നീരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം പോലും ഇതുവരെ നടപ്പിലായിട്ടില്ല.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. നിലവില്‍ സുപ്രണ്ട് അടക്കം രണ്ടുപേര്‍ സസ്പെന്‍ഷനിലാണ്.