തൃശൂർ: വിദേശത്തു മെഡിസിൻ പഠനം പൂർത്തിയാക്കി കേരളത്തിൽ പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതയ്ക്കു ഹൗസ് സർജൻസി ചെയ്യുന്നവർക്ക് ആരോഗ്യവകുപ്പിന്റെ ‘പിഴശിക്ഷ’.
ജില്ലാ മെഡിക്കൽ ഓഫീസുകളിൽ ഒന്നേകാൽ ലക്ഷം രൂപ അടയ്ക്കാനാണ് നിർദേശം.
മാത്രമല്ല, കോവിഡ് വാർഡുകളിലെ സേവനത്തിനു പിപിഇ കിറ്റുകൾ അടക്കമുള്ളവ സ്വന്തം ചെലവിൽ വാങ്ങി ധരിക്കണമെന്നും നിർദേശമുണ്ട്.
ആയിരത്തിലേറെ പേരാണു വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കി കേരളത്തിൽ പരിശീലന യോഗ്യതയ്ക്കു ഹൗസ് സർജന്മാരായി സേവനം ചെയ്യുന്നത്. വിദേശ സർവകലാശാലകളിൽ ഹൗസ് സർജൻസി പൂർത്തിയാക്കി എത്തിയവരാണ് ഇവർ.
ഇന്ത്യൻ മെഡിക്കൽ കൗണ്സിൽ നടത്തിയ യോഗ്യതാ പരീക്ഷ പാസായവരെയാണ് വീണ്ടും ഒരു വർഷത്തേക്കു ഹൗസ് സർജന്മാരാക്കുന്നത്.
സംസ്ഥാനത്തു പഠനം പൂർത്തിയാക്കിയ ഹൗസ് സർജന്മാർക്ക് 45,000 രൂപ പ്രതിമാസം സ്റ്റൈപ്പെൻഡ് നൽകുമ്പോഴാണ് വിദേശത്തു പഠനം പൂർത്തിയാക്കിയവരിൽനിന്നു ഫീസ് ഈടാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. എത്രയും വേഗം പണം അടയ്ക്കണമെന്നാണ് ഇവർക്കു നൽകിയ നിർദേശം.
വിദേശത്തു പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ രക്ഷിതാക്കൾ സംഘടന രൂപീകരിച്ച് ഏതാനും ദിവസം മുമ്പ് ആരോഗ്യവകുപ്പിനു നിവേദനം നൽകിയിരുന്നു.
സംഘടനയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ ഫീസ് ചുമത്തൽ.
ജില്ലാ, ജനറൽ ആശുപത്രികൾ അടക്കമുള്ളിടത്ത് വിദേശപഠനം പൂർത്തിയാക്കിയ ഹൗസ് സർജന്മാരുടെ സേവനം പ്രയോജനപ്പെടത്തുന്നുണ്ട്.
ഇവർക്കു കോവിഡ് വാർഡുകളിൽ മാത്രമാണു ഡ്യൂട്ടി നൽകുന്നത്. പിപിഇ കിറ്റ് ധരിച്ച് നാലു മണിക്കൂറാണ് മറ്റു ഹൗസ് സർജന്മാർക്കു ഡ്യൂട്ടിയെങ്കിൽ വിദേശത്തു പഠിച്ചു വന്നവർ ആറുമണിക്കൂർ ഡ്യൂട്ടി ചെയ്യണം.
വിദേശത്തു പഠനം പൂർത്തിയാക്കിയ ഹൗസ് സർജന്മാരുടെ സേവനം ഇതര സംസ്ഥാനങ്ങളിലും പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ ഒരിടത്തും അവരിൽനിന്നു ഫീസ് ഈടാക്കുന്നില്ല.
ഇതേസമയം, സ്റ്റൈപ്പെൻഡ് നൽകാത്തതിന്റെ പേരിൽ കേരളത്തിൽ പലയിടത്തും ഹൗസ് സർജന്മാർ സേവനം അവസാനിപ്പിച്ച അവസ്ഥയിലാണ്.
ഫ്രാങ്കോ ലൂയിസ്